India

ലോക്മന്ഥന് കൊടിയേറി; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ഉദ്ഘാടനം ചെയ്യും

Published by

ഭാഗ്യനഗര്‍ (തെലങ്കാന): ലോക പൈതൃകങ്ങളുടെ മഹാപ്രദര്‍ശനത്തിനു തുടക്കം കുറിച്ച് ലോക്മന്ഥന്‍ സാംസ്‌കാരികോത്സവത്തിനു കൊടിയേറ്റം. ഇനിയുള്ള നാളുകളില്‍ ഭാരതീയ കലകളുടെയും ചിന്തകളുടെയും സംഗമവേദിയാകും ഭാഗ്യനഗര്‍.

പ്രദര്‍ശനിയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഉദ്ഘാടനം ശില്‍പാരാമത്തില്‍ മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു നിര്‍വഹിച്ചു. അപ കോളനീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ലോക്മന്ഥനെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയും സ്വാഗതസംഘം അധ്യക്ഷനുമായ ജി. കിഷന്‍ റെഡ്ഡി, തെലങ്കാന സാംസ്‌കാരിക വകുപ്പുമന്ത്രി ജുപള്ളി കൃഷ്ണറാവു, ഡോ. മഡുഗുല നാഗഫണി ശര്‍മ, പ്രജ്ഞാഭാരതി ചെയര്‍മാന്‍ ഡോ. ടി. ഹനുമാന്‍ ചൗധരി, സംസ്‌കാര്‍ഭാരതി സെക്രട്ടറി ഡോ. രവീന്ദ്ര ഭാരതി തുടങ്ങിയവര്‍ പങ്കെടുത്തു.

ദ്വിസഹസ്രാവധാനി ഡോ. മഡുഗുല നാഗഫണി ശര്‍മയുടെ അഷ്ടാവധാനത്തോടെയാണ് സാംസ്‌കാരിക സന്ധ്യക്കു തുടക്കം. നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ കാലസംഘര്‍ഷിണി നൃത്തം വിസ്മയമായി.

ലോക്മന്ഥന്റെ ഔപചാരിക ഉദ്ഘാടനം ഇന്നു രാവിലെ 10.30നു ശില്പകലാ വേദികയില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നിര്‍വഹിക്കും. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണുദേവ് വര്‍മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, കേന്ദ്ര മന്ത്രി ജി. കിഷന്‍ റെഡ്ഡി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഡോ. മോഹന്‍ ഭാഗവത് മൂന്നു ദിവസവും ലോക്മന്ഥനില്‍ സന്നിഹിതനാകും. രാജ്യത്തിനകത്തും പുറത്തുമുള്ള 2500 പ്രതിനിധികളും 1500 കലാകാരന്മാരും ലോക്മന്ഥനില്‍ പങ്കെടുക്കും. 24നു സമാപിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക