തിരുവനന്തപുരം: അര്‍ബുദരോഗ ഗവേഷണവും ആധുനിക രോഗനിര്‍ണയ രീതികളും ലക്ഷ്യമിട്ട് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ കൊച്ചിയും(സിസിആര്‍സി) ധാരണാപത്രം ഒപ്പിട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്, വ്യവസായമന്ത്രി പി രാജീവ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.
സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ, സിസിആര്‍സി ഡയറക്ടര്‍ ഡോ. ബാലഗോപാല്‍ പി ജി എന്നിവര്‍ ധാരണാപത്രം കൈമാറി.
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍ററിന്റെ അടുത്ത അഞ്ച് വര്‍ഷത്തെ എല്ലാ ഗവേഷണ, രോഗനിര്‍ണയ പ്രവര്‍ത്തനങ്ങളും നടത്തുന്നത് ആര്‍ജിസിബി ആയിരിക്കും. സിസിആര്‍സിയുടെ ഗവേഷണ-രോഗനിര്‍ണയ സംവിധാനം കുറ്റമറ്റതാക്കാനുള്ള നോഡല്‍ ഏജന്‍സിയായും ആര്‍ജിസിബി പ്രവര്‍ത്തിക്കും. ഇതിനു പുറമെ ആധുനിക ലാബോറട്ടി, പരിശോധനാ സംവിധാനങ്ങള്‍ എന്നിവയില്‍ സിസിആര്‍സിയിലെ ഗവേഷണ-ക്ലിനിക്കല്‍ ജീവനക്കാര്‍ക്ക് ആര്‍ജിസിബി പരിശീലനം നല്‍കും. സിസിആര്‍സിയിലെ എല്ലാവിധ സാങ്കേതികസംവിധാനങ്ങളുടെയും മേല്‍നോട്ടവും പ്രവര്‍ത്തനവുമടക്കമുള്ള സേവനങ്ങള്‍ ആര്‍ജിസിബിയാകും നല്‍കുന്നത്.
രാജ്യത്തെ ബയോ ടെക്നോളജി മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമെന്ന നിലയില്‍ കൊച്ചിന്‍ കാന്‍സര്‍ സെന്‍ററുമായുള്ള സഹകരണം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. സിസിആര്‍സിയിലെ ഗവേഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിദഗ്ധോപദേശവും പിന്തുണയും ആര്‍ജിസിബി നല്‍കും. അര്‍ബുദ രോഗത്തിനെതിരായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആത്യന്തികമായി സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടാന്‍ ഈ സഹകരണം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ബുദ സ്ഥിരീകരണം, അര്‍ബുദ വളര്‍ച്ച, അര്‍ബുദ ചികിത്സാ- രോഗനിര്‍ണയം എന്നിവയില്‍ അത്യാധുനിക ഗവേഷണമാണ് ആര്‍ജിസിബി-സിസിആര്‍സി സഹകരണത്തിലൂടെ നടത്താന്‍ ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക