Kerala

കോടതി വിധിയിൽ രാജി വെക്കില്ല : അന്വേഷണത്തോട് സഹകരിക്കുമെന്നും സജി ചെറിയാൻ

Published by

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസിലെ പ്രതികൂല വിധിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും വിധിയെക്കുറിച്ച് പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തനിക്ക് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് അന്തിമ വിധി അല്ലല്ലോയെന്നും മന്ത്രി പറഞ്ഞു. കൂടാതെ കോടതി വിധിയില്‍ താന്‍ രാജി വെക്കില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

കോടതി പരിശോധിച്ചിട്ട് ആണല്ലോ പറഞ്ഞത്. പുനരന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞു. വിധി പഠിച്ച് അപ്പീല്‍ പോകണമെങ്കില്‍ പോകും. തന്റെ ഭാഗം കൂടി കോടതി കേള്‍ക്കേണ്ടത് ആയിരുന്നു. കേട്ടില്ല. ഒരു ധാര്‍മിക പ്രശ്‌നവുമില്ല. അന്വേഷണം നടത്തേണ്ടത് പോലീസ് ആണ്. അന്വേഷണത്തോട് സഹകരിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.

മന്ത്രിക്കെതിരെ ക്രൈംബ്രാഞ്ച് തലത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടും അത് സ്വീകരിച്ച മജിസ്‌ട്രേറ്റ് ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും സമയബന്ധിതമായി കേസ് പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by