മാവേലിക്കര: മുപ്പതിലേറെ വര്‍ഷം, എണ്ണൂറിലധികം ഗാനങ്ങള്‍ രചിച്ച് ഭക്തമനസുകളില്‍ ഇടംനേടിയ മാവേലിക്കര വരേണിക്കല്‍ എ.വി. വാസുദേവന്‍ പോറ്റി ഇനി ഓര്‍മ്മ.
ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി പാലക്കാട്ട് സ്ഥിരതാമസമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ മാവേലിക്കരയിലെ കുടുംബ വീട്ടിലായിരുന്നു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് വരേണിക്കല്‍ അത്തിമണ്‍ ഇല്ലത്ത് ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചത്. വൈകിട്ട് മൂന്നുമണിയോടെ അന്തിമോപചാര ചടങ്ങുകള്‍ ആരംഭിച്ചു. യജുര്‍വേദാചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ക്ക് ഓതിക്കന്‍ കോട്ടയം അണലക്കാട് വിക്രമന്‍നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു
വാസുദേവന്‍പോറ്റിയുടെ മക്കളായ സുനില്‍ വി. പോറ്റി, സുജിത്ത് വി. പോറ്റി എന്നിവര്‍ പിതാവിന് അന്ത്യ കര്‍മ്മങ്ങള്‍ അര്‍പ്പിച്ചു. മൂത്തമകന്‍ സുനില്‍ വി. പോറ്റിയാണ് ചിതയ്‌ക്ക് തീകൊളുത്തിയത്. ചലച്ചിത്രഗാന രചനയിലും വാസുദേവന്‍പോറ്റി മികവ് തെളിയിച്ചിരുന്നു.
നിരവധി പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തു. പോറ്റിയുടെ വേര്‍പാടില്‍ കെ.ജെ. യേശുദാസും ഭാര്യ പ്രഭാ യേശുദാസും അനുശോചനം അറിയിച്ചു.
കവി വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മറ്റ് സംസ്ഥാന, ജില്ലാ നേതാക്കള്‍, വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികള്‍, ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ എന്നിവരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: