Kerala

ശബരിമല മണ്ഡകാലം: വരുമാന വര്‍ധന 5 കോടി ഇതുവരെ എത്തിയത് 3,17,923 തീര്‍ത്ഥാടകര്‍

Published by

സന്നിധാനം: മണ്ഡകാലം ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് 3,17,923 തീര്‍ത്ഥാടകര്‍. ഇന്നലെ ഉച്ചക്ക് രണ്ടു മണി വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം അഞ്ച് ദിവസം പിന്നിടുമ്പോള്‍ രണ്ട് ലക്ഷത്തോളമായിരുന്നു ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം. കഴിഞ്ഞ വര്‍ഷം അഞ്ച് ദിവസം പിന്നിടുമ്പോള്‍ ലഭിച്ച വരുമാനത്തില്‍ നിന്ന് അഞ്ച് കോടിയോളം രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക കണക്ക്.

കഴിഞ്ഞ വര്‍ഷം നട തുറന്ന ആദ്യ ദിവസം 14,327 പേര്‍ ദര്‍ശനം നടത്തിയപ്പോള്‍ ഇത്തവണ 30,687 ആയി. വൃശ്ചികം ഒന്നിന് 48,796 പേരും രണ്ടിന് 47,102 പേരും മൂന്നിന് 37,848 പേരുമാണ് കഴിഞ്ഞ വര്‍ഷം ദര്‍ശനം നടത്തിയത്. ഇത്തവണ വൃശ്ചികം ഒന്നിന് 72,656 പേരും രണ്ടിന് 67,272 പേരും മൂന്നിന് 75,959 പേരും നാലിന് 64,489 പേരും ബുധന്‍ പകല്‍ രണ്ട് വരെ 37,552 പേരുമാണ് എത്തിയത്.

ഇതില്‍ പത്ത് ശതമാനത്തോളം മാത്രമാണ് സ്‌പോട്ട് ബുക്കിങ്ങിലൂടെ എത്തിയത്. നട തുറന്നിരിക്കുന്ന സമയം രണ്ട് മണിക്കൂര്‍ വര്‍ധിപ്പിച്ചതും പതിനെട്ടാംപടി കയറ്റുന്നതിലെ വേഗതയും തിരക്ക് ഒഴിവാക്കാന്‍ സഹായിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക