എബിവിപി ദേശീയ സമ്മേളനം; കേന്ദ്ര പ്രവര്‍ത്തകസമിതി ചേര്‍ന്നു
ഗോരഖ്പൂര്‍(ഉത്തര്‍പ്രദേശ്): എബിവിപി ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള ഏകദിന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം ഗോരഖ്പൂരില്‍ ചേര്‍ന്നു. ദീന്‍ദയാല്‍ ഉപാധ്യായ സര്‍വകലാശാല സംവാദ് ഭവനില്‍ ചേര്‍ന്ന യോഗം എബിവിപി ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന് എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഭാരതീയ വിദ്യാഭ്യാസം എല്ലാവര്ക്കും താങ്ങാനാവുന്നതും പ്രാപ്യവുമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്ശരണ്‍ ഷാഹി ആവശ്യപ്പെട്ടു. വിദ്യാഭ്യാസം ഏറ്റവും പാവപ്പെട്ട കുട്ടികളെപ്പോലും ഉന്നതനിലയിലെത്താന്‍ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. എബിവിപി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം മാറ്റം കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി യജ്ഞവല്‍ക്യ ശുക്ല അഭിപ്രായപ്പെട്ടു. ഭാരതത്തിലെ യുവാക്കള്‍ ക്രിയാത്മകമായ മാറ്റത്തിന്റെ തുടക്കക്കാരായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ, സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. എഴുപതാമത് ദേശീയ സമ്മേളനത്തില്‍ അവതരപ്പിക്കുന്ന അഞ്ച് പ്രധാന പ്രമേയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
എബിവിപി ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ഇന്ന് ചേരും. 22 മുതല്‍ 24 വരെയാണ് 70-ാമത് ദേശീയ സമ്മേളനം. അഹല്യബായ്യ് ഹോള്‍ക്കറുടെ ത്രിശതാബ്ദി വര്‍ഷത്തെ അനുസ്മരിച്ച് എബിവിപി സംഘടിപ്പിക്കുന്ന മാനവന്ദന യാത്ര മധ്യപ്രദേശിലെ മഹേശ്വറില്‍ നിന്ന് ആരംഭിച്ച് പ്രയാഗ്രാജ്, അയോദ്ധ്യ തുടങ്ങി വിവിധ നഗരങ്ങളിലൂടെ കടന്ന് ദേശീയ സമ്മേളന നഗരിയില്‍ സമാപിക്കും. ഭാരതത്തിന്റെ സാംസ്കാരികത്തനിമയെ പുനരുജ്ജീവിപ്പിക്കാനുള്ള അഹല്യബായിയുടെ ശ്രമങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് യാത്ര. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം വിഎച്ച്പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് ഇന്ന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: