നമ്മുടെ റെയില്‍വെ സംവിധാനത്തെ അടിമുടി മാറ്റുന്ന വികസന പ്രക്രിയയുമായാണ് എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അധികാരത്തില്‍ ഏറിയ ഉടന്‍ തന്നെ തുടങ്ങിയ വികസന പ്രക്രിയ അനുസ്യൂതം തുടരുന്നതിന്റെ സൂചനയാണ് അത്യാധുനിക സംവിധാനങ്ങളും വിമാനത്താവളങ്ങളുടെ പ്രൗഢിയോടേയും സൗകര്യങ്ങളോടേയും ഒരുക്കുന്ന സ്റ്റേഷനുകളും. എല്ലാ വിഭാഗം യാത്രക്കാരും ഒരുപോലെ ഉപയോഗിക്കുന്ന യാത്രാ സംവിധാനമായ റെയില്‍വേയെ എല്ലാ മേഖലകളും മുന്നില്‍ക്കണ്ടു വികസിപ്പിക്കാനാണ് ശ്രമം. സാധാരണക്കാരുടെ യാത്രാ സംവിധാനമെന്ന നിലയില്‍ അവരെ മുന്നില്‍ക്കണ്ടുള്ള പദ്ധതികളും സമാനമായി നടപ്പാക്കിവരുന്നു.
എല്ലാ വിഭാഗത്തേയും കണ്ടുള്ള അടിസ്ഥാന സൗകര്യങ്ങളിലെ വികസനമാണ് രാജ്യത്തിന്റെ മൊത്തം വികസനത്തിന്റെയും പുരോഗതിയുടേയും അടിത്തറ എന്ന സങ്കല്പത്തില് ഊന്നിയാണ് കേന്ദ്രത്തിന്റെ വികസന പ്രക്രിയ മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമാണ് ജല-വായു-ഉപരിതല ഗതാഗത രംഗത്തു കൊണ്ടുവരുന്ന മാറ്റങ്ങള്‍. ലോകത്തിലെ വികസിത രാജ്യങ്ങളുടെയെല്ലാം വികസനക്കുതിപ്പിന് ഊര്‍ജമായതും അടിത്തറയായതും ഈ മേഖലയിലെ വികസനമാണ്. അതേ പാതയിലൂടെ തനതായ ശൈലിയില്‍ മുന്നോട്ടുപോവുകയാണ് ഭാരതം. ഇവിടത്തെ ഭൂപ്രകൃതിയും സാഹചര്യങ്ങളും കണക്കിലെടുത്താണ് വികസനം വിഭാവനം ചെയ്യുന്നത്. സൗകര്യങ്ങള്‍ക്കും സുരക്ഷിതത്വത്തിനും ശുചിത്വത്തിനും ആണ് മുന്‍തൂക്കം. അടിസ്ഥാന സൗകര്യത്തിനൊപ്പം പൈതൃകത്തിനും പ്രകൃതി സൗഹൃദത്തിനും പരിഗണന നല്‍കും. സമയ ക്ലിപ്തത, യാത്രാസുഖം, വൃത്തി, ജലലഭ്യത, ആധുനിക സൗകര്യങ്ങള്‍, യാത്രാവേഗം തുടങ്ങിയവയ്ക്കാണ് റെയില്‍വെ മുന്‍ഗണന നല്‍കുന്നത്.
വന്ദേഭാരത് അടക്കമുള്ള അതിവേഗ ട്രെയ്നുകള്‍ റെയില്‍വേയ്ക്കു പുതിയ മാനം നല്കി. വന്ദേഭാരത് ആഗോള തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണ്. ആഡംബര പദ്ധതിയെന്നും പണക്കാര്ക്കുവേണ്ടിയുള്ളതെന്നും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് സാധാരണക്കാരായ യാത്രക്കാരെ മുന്നില്‍ക്കണ്ടുള്ള പുതിയ പദ്ധതി. യാത്ര സുഗമമാക്കാന്‍ പതിനായിരം ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. എട്ടു ലക്ഷത്തോളം യാത്രക്കാര്‍ക്കു പ്രയോജനം ചെയ്യുന്ന പദ്ധതി പൂര്‍ണമാവാന്‍ രണ്ടു വര്‍ഷം എടുക്കും. ഘട്ടംഘട്ടമായി പദ്ധതി നടപ്പില്‍ വരും. ഇതിനകം 585 കോച്ചുകള്‍ ട്രെയ്നുകളില്‍ ചേര്‍ത്തു കഴിഞ്ഞു. പൂര്‍ത്തിയാകുന്നതോടെ ട്രെയ്നുകളില്‍ വന്‍തോതില്‍ ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ ഉണ്ടാവും. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷത്തോളം യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കും. എണ്ണത്തില്‍ മാത്രമല്ല യാത്രാസുഖത്തിന്റെ കാര്യത്തിലും പുതിയ എല്‍എഫ്ബി(ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ ജനപ്രിയമായിരിക്കും. സൗകര്യത്തിലും യാത്രാസുഖത്തിലും സുരക്ഷിതത്വത്തിലും ഇവ മുന്‍പന്തിയിലാണ്.
വൃത്തിഹീനവും അസൗകര്യം നിറഞ്ഞതുമായ കോച്ചുകള്‍ റെയില്‍വെയുടെ മുഖമുദ്രയായിരുന്ന കാലമുണ്ടായിരുന്നു. റെയില്‍ പാളങ്ങളും സ്റ്റേഷനുകളും ഏറ്റവും വലിയ ശൗചാലയങ്ങളായിരുന്ന കാലവും അത്ര പഴയതല്ല. ഓപ്പണ്‍ ടോയ്ലറ്റ് എന്ന സ്ഥിതി മാറി ബയോടോയ്ലറ്റുകള്‍ വന്നതോടെ ആ അവസ്ഥ മാറി. സ്റ്റേഷനുകളിലും കോച്ചുകള്‍ക്കുള്ളിലും തങ്ങി നിന്നിരുന്ന ദുര്‍ഗന്ധം നിറഞ്ഞ അന്തരീക്ഷത്തിനും മാറ്റം വന്നു. നഗരങ്ങളിലും കോളനികളിലും റെയില്‍വെ സ്റ്റേഷന് പരിസരങ്ങളിലും ടോയ്ലറ്റ് സൗകര്യം ലക്ഷ്യമാക്കിയ ശുചിത്വ ഭാരതം പദ്ധതിയും ഇതിനു വളരെ സഹായകമായി.
റെയില്‍വെ സ്റ്റേഷന് വികസനം ദേശീയാടിസ്ഥാനത്തില്‍ ബൃഹദ്പദ്ധതിയായി നടന്നു വരികയാണ്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിര്‍മാണ രീതി പ്രൗഢിക്കുമാത്രമല്ല അതതു പ്രദേശത്തിന്റെ പൈതൃകത്തിനും പ്രകൃതിക്കും ഇണങ്ങുന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. കേരളത്തില്‍ മാത്രം 35 സ്റ്റേഷനുകളാണ് ഇത്തരത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. സാങ്കേതിക രംഗത്തെ വളര്‍ച്ചയും പുരോഗതിയും മാറ്റങ്ങളും റെയില്‍വേയുടെ പ്രവര്‍ത്തനവുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സമയലാഭം നേടാനും ശ്രമിക്കുന്നതിനൊപ്പം താഴേത്തട്ടിലുള്ളവരെക്കൂടി വികസനത്തിനൊപ്പം കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് റെയില്‍വെ മന്ത്രാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: