Cricket

കൂച്ച് ബെഹാര്‍ ട്രോഫി: കേരളം 148ന് പുറത്ത്

Published by

ജയ്പുര്‍: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളം ആദ്യ ഇന്നിങ്‌സില്‍ 148 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 71 റണ്‍സെന്ന നിലയിലാണ്.

ജയ്‌പ്പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അക്കൗണ്ട് തുറക്കാതെ മടങ്ങിയ അക്ഷയ്.എസ്.എസിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടര്‍ന്നെത്തിയ കാര്‍ത്തിക്കിനും ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനും അധികം പിടിച്ചുനില്ക്കാനായില്ല. എന്നാല്‍ ഓപ്പണര്‍ അഹമ്മദ് ഖാനും, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അദൈ്വത് പ്രിന്‍സും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. അഹ്മദ് 41 ഉം അദൈ്വത് പ്രിന്‍സ് 31 ഉം റണ്‍സെടുത്തു. ആറാമനായെത്തിയ അല്‍ത്താഫും ഒരറ്റത്ത് ചെറുത്തു നിന്നു. അല്‍താഫ് 39 റണ്‍സെടുത്താണ് പുറത്തായത്. രാജസ്ഥാന് വേണ്ടി ഗുലാബ് സിങ് നാലും ആഭാസ് ശ്രീമലി മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. തുടക്കത്തില്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മനയ് കടാരിയ 18 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ തോഷിത് റണ്ണൊന്നുമെടുക്കാതെ മടങ്ങി. എബിന്‍ ലാലും തോമസ് മാത്യുവുമാണ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. കളി നിര്‍ത്തുമ്പോള്‍ പാര്‍ഥ് യാദവ് 36 റണ്‍സോടെയും ആകാഷ് മുണ്ടെല്‍ 17 റണ്‍സോടെയും ക്രീസിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by