ന്യൂദല്‍ഹി: 2024 എന്ന വര്‍ഷം ലോകമെമ്പാടും തെരഞ്ഞെടുപ്പിന്റെ വര്‍ഷമായിരുന്നു. പക്ഷെ കോവിഡാനന്തരമുള്ള ജനങ്ങളുടെ അമര്‍ഷത്താല്‍ തെരഞ്ഞെടുപ്പുകളില്‍ എല്ലാം ഭരിയ്‌ക്കുന്ന പാര്‍ട്ടികളും ഭരണാധികാരികളും നിലംപൊത്തി. എന്നാല്‍ ജനങ്ങളുടെ അസംതൃപ്തിയെ അതിജീവിച്ചത് ഒരേയൊരു ഭരണാധികാരിയാണ്- ഇന്ത്യയിലെ നരേന്ദ്രമോദി. മോദിയെക്കൂടാതെ വിരലിലെണ്ണാവുന്ന ഏതാനും ഭരണാധികാരികള്‍ മാത്രമാണ് പിടിച്ചുനിന്നത്.
2024ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവില്‍ ഓര്‍മ്മ വരുന്നത് അമേരിക്കയിലെ തെരഞ്ഞെടുപ്പാണ്. അവിടെ ജോ ബൈഡന്റെ ഡമോക്രാറ്റിക് ഭരണത്തെ തകര്‍ത്തെറിഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി ട്രംപ് അധികാരമത്തില്‍ എത്തി.
അതുപോലെ ബ്രിട്ടനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തോല്‍പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി. സാമ്പത്തിക മാന്ദ്യം, കുടിയേറ്റ പ്രശ്നം, പൊതുജനസേവനത്തിലെ പോരായ്മ ഇങ്ങിനെ നിരവധികാരണങ്ങള്‍ ഋഷി സുനകിന്റെ പരാജയത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഫ്രാന്‍സില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടി രണ്ടാം സ്ഥാനത്തായി. ന്യൂ പോപുലര്‍ ഫ്രണ്ട് എന്ന ഇടത് പാര്‍ട്ടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. തീവ്ര ഇസ്ലാമിക നിലപാടുള്ള മരിയ ലെ പെന്‍ പാര്‍ട്ടി മൂന്നാം സ്താനത്തായി. പക്ഷെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ നിലവിലെ പ്രസിഡന്‍റായ ഇമ്മാനുവര്‍ മാക്രോണ്‍ ഇടത് പിന്തുണയോടെ ഭരിയ്‌ക്കുന്നു.
വാസ്തവത്തില്‍ കോവിഡ് ആഞ്ഞടിച്ച 2020ന് ശേഷം ജനങ്ങള്‍ക്ക് അധികാരത്തില്‍ ഇരിയ്‌ക്കുന്ന സര്‍ക്കാരുകളോടും രാഷ്‌ട്രീയ പാര്‍ട്ടികളോടും രാഷ്‌ട്രീയ മുന്നണികളോടും എതിര്‍പ്പായിരുന്നു. സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും കാരണം ഭരിയ്‌ക്കുന്നവരോട് ജനങ്ങള്‍ക്ക് എതിര്‍പ്പ് ഉയരുക സ്വാഭാവികം. അമിതമായ കുടിയേറ്റം, പിടിച്ചുനില്‍ക്കാന്‍ വിഷമിക്കുന്ന ജനങ്ങളും ബിസിനസ് സ്ഥാപനങ്ങളും, വിലക്കയറ്റം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ കോവിഡാനന്തരം ഉയര്‍ന്ന് വന്നു. അതാണ് ബംഗ്ലാദേശിലും ശ്രീലങ്കയിലും പാകിസ്ഥാനിലും കണ്ടത്. കോവിഡിന് ശേഷം 54 യൂറോപ്യന്‍ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നതില്‍ 40 ഇടങ്ങളിലും ഭരണത്തിലിരിക്കുന്ന നേതാക്കളും പാര്‍ട്ടികളും അധികാരത്തില്‍ നിന്നും പുറത്തായി. “കോവിഡിന് ശേഷം ജനങ്ങള്‍ക്കിടയില്‍ അധികാരത്തില്‍ ഇരിക്കുന്നവരോടുള്ള അസംതൃപ്തി വളര്‍ന്നു. അതുകൊണ്ട് ജനങ്ങള്‍ അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ വിധിയെഴുതി”- കോവിഡിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ പ്രവണതകള്‍ വിലയിരുത്തിയ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്‍ററിലെ ഗ്ലോബല്‍ ആറ്റിറ്റ്യൂഡ്സ് റീസര്‍ട്ട് ഡയറക്ടര്‍ റിച്ചാര്‍ഡ് വൈക് വിലയിരുത്തുന്നു.
ജപ്പാനില്‍ പോലും തെരഞ്ഞെടുപ്പില്‍ 1955 മുതല്‍ അധികാരത്തിലിരുന്ന ഭരണവര്‍ഗ്ഗപാര്‍ട്ടിയായ എല്‍ഡിപിയ്‌ക്ക് ഭൂരിപക്ഷം നേടാനായില്ല. തെക്കന്‍ കൊറിയയില്‍ ഭരണത്തിലിരുന്ന കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി തോറ്റു. എതാണ്ട് ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലേയും രാജ്യങ്ങളിലുള്ള ഭരണവര്‍ഗ്ഗപാര്‍ട്ടിയ്‌ക്കും നേതാവിനും ജനരോഷം നേരിടുക വഴി ഭരണനഷ്ടം ഉണ്ടായെന്ന് ഹാവാര്‍ഡ് സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍റിസ്റ്റായ സ്റ്റീവന്‍ ലെവിറ്റ്സ്കി പറയുന്നു.
കോവിഡ് മൂലമുള്ള ജനങ്ങളുടെ അമര്‍ഷത്തെ അതിജീവിക്കാന്‍ ഇന്ത്യയിലെ ഭരണാധികാരിക്ക് മാത്രമാണ് സാധിച്ചത്. നരേന്ദ്രമോദിക്ക് മാത്രം. വാക്സിന്‍ നല്‍കിും സാമ്പത്തിക ഉത്തേജനപദ്ധതികള്‍ നടപ്പാക്കിയും റേഷന്‍ നല്‍കിയും അയല്‍ രാജ്യങ്ങളെ സഹായിച്ചും മോദി ഒരു ഉത്തമ നേതാവായി ജനങ്ങളുടെ മുന്‍പില്‍ ഉയര്‍ന്നുനിന്നു. രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും മോദി വിരുദ്ധ എന്‍ജിഒകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച വിമര്‍ശനങ്ങളെ മുഴുവന്‍ ജനം തള്ളി. അതിന് ഉദാഹരണമാണ് മോദിയുടെ 2024ലെ തെരഞ്ഞെടുപ്പിലെ മൂന്നാമതും പ്രധാമന്ത്രിയായി അധികാരത്തിലേക്കുള്ള തിരിച്ചുവരവ്. ലോകത്തിലെ മുഴുവന്‍ പ്രവണതകള്‍ വിലയിരുത്തിയാല്‍ മോദിയുടെ ഈ വിജയത്തെ അത്ഭുതം എന്നാണ് വിശകലന വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: