Thiruvananthapuram

മെഡിക്കല്‍ കോളജില്‍ ഓപി ടിക്കറ്റിന് ഫീസ് ഈടാക്കാന്‍ നീക്കം

Published by

മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓപി ടിക്കറ്റിന് ഫീസ് ഈടാക്കാന്‍ നീക്കം. 12ന് നടന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം ഉയര്‍ന്നത്. വിവിധ ചികിത്സകള്‍ക്കായി ആശുപത്രിയിലെത്തുന്ന രോഗികളില്‍ നിന്ന് ഓപി ടിക്കറ്റിന് ഇരുപത് രൂപ ഈടാക്കാനാണ് തീരുമാനം.

ഇതിന് പുറമെ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ വിഭാഗത്തിലെ പിആര്‍പി ടെസ്റ്റുകള്‍ക്കും ഫീസ് ഈടാക്കും. സിടി സ്‌കാന്‍ ഉപയോഗിച്ചെടുക്കുന്ന സിടി പ്ലാനിംഗിന്റെ നിരക്ക് വര്‍ദ്ദിപ്പിക്കാനും പദ്ധതിയുണ്ട്. ചികിത്സ തേടിയെത്തുന്ന നിര്‍ദ്ധനരോഗികളെ പിഴിഞ്ഞെടുത്ത് സാമ്പത്തിക നേട്ടം കൊയ്യുകയെന്ന അജണ്ടയാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ചികിത്സകള്‍ക്കാവശ്യമായ മെഷീനുകള്‍ വാങ്ങുന്നത് തുടങ്ങി എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ്, ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് നല്‍കേണ്ട തുകയുള്‍പ്പെടെ വന്‍ സാമ്പത്തിക ബാധ്യത കാണിച്ചാണ് ഫീസ് വര്‍ദ്ദിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

കുടുംബശ്രീയില്‍ നിന്ന് 65 പേരെയാണ് എച്ച്ഡിഎസ്സിലേയ്‌ക്ക് നിയമിക്കാന്‍ പോകുന്നത്. എന്നാല്‍ ജീവനക്കാരെ നിയമിക്കുന്നതിനും ഓക്‌സിജന്‍ വിതരണത്തിനും എച്ച്ഡിഎസ് സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയതില്‍ ദുരൂഹതയേറുകയാണ്. ഇവയ്‌ക്ക് സര്‍ക്കാരാണ് ഫണ്ട് നല്‍കേണ്ടത്. അത് ചെയ്യാതെ എച്ച്ഡിഎസില്‍ നിന്ന് ഫണ്ട് നല്‍കാനുള്ള ഭരണകര്‍ത്താക്കളുടെ അജണ്ടയാണ് നടപ്പിലാക്കുന്നത്. വകുപ്പ് മന്ത്രിയടക്കമുള്ളവരുടെ ഒത്താശയോടെയാണ് ഫീസ് ഈടാക്കുന്നതെന്നാണ് പുറത്ത് വന്ന വിവരം. ഇന്ന് നടക്കുന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം ഓപി ടിക്കറ്റിന് ഫീസ് ഈടാക്കാനുള്ള ആരോഗ്യ വകുപ്പിന്റേയും ആശുപത്രി വികസന സമിതിയുടേയും അജണ്ട തന്നെയെന്ന് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജി. എസ്. ശ്രീകുമാര്‍ പറഞ്ഞു. 2016 ന് മുമ്പ് കോടികളുടെ സ്ഥിര നിക്ഷേപമാണ് ആശുപത്രി വികസന സമിതിക്കുണ്ടായിരുന്നത്. ഈ തുക എങ്ങോട്ട് പോയി എന്നത് വികസന സമിതി അധികൃതര്‍ വ്യക്തമാക്കേണ്ടതുണ്ട്. അതിര് വിട്ട ധൂര്‍ത്തും കൊള്ളയുമാണ് വികസന സമിതിയില്‍ നടക്കുന്നതെന്നും ശ്രീകുമാര്‍ കുറ്റപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by