Kerala

സുന്നി മതപഠന വിദ്യാര്‍ത്ഥികള്‍ ഭാരതാംബയുടെ ചിത്രം കുത്തിക്കീറി; സംഭവം തിരുവനന്തപുരത്ത് അമ്പലത്തറയില്‍

Published by

തിരുവനന്തപുരം: ഇരുട്ടിന്റെ മറവിലെത്തിയ സുന്നി മതപഠന വിദ്യാര്‍ത്ഥികള്‍ ഭാരതാംബയുടെ ചിത്രം കുത്തിക്കീറി വികൃതമാക്കി. അമ്പലത്തറ പരുത്തിക്കുഴി അമ്മച്ചിമുക്കില്‍ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ ഫഌക്‌സ് ചിത്രമാണ് നശിപ്പിച്ചത്. സമീപത്തെ മതകേന്ദ്രത്തില്‍ നിന്ന് സുന്നിവിദ്യാര്‍ത്ഥികളുടെ വേഷത്തിലെത്തിയവരാണ് ഞായറാഴ്ച രാത്രി 11 മണിയോടെ അതിക്രമം കാട്ടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൂന്തുറ പോലീസ് കേസെടുത്തു.

സമീപത്തെ മതകേന്ദ്രത്തില്‍ നിന്ന് രാത്രിയോടെ ബിരിയാണി പൊതികളുമായിറങ്ങിയ സുന്നിവിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ അമ്മച്ചിമുക്കിലെത്തി ഫഌക്‌സ് ബോര്‍ഡ് നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

മോശം ചിന്താഗതികളോടെ വളര്‍ന്നുവരുന്ന കുട്ടികള്‍ രാഷ്‌ട്രത്തിനുതന്നെ അപകടമാണെന്നും ഭാരതാംബയുടെ ചിത്രം കുത്തിക്കീറിയ സംഭവത്തെ ഗൗരവമായി കാണണമെന്നും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ പ്രതികരിച്ചു. ഫഌക്‌സ് ബോര്‍ഡിലെ ഭാരതംബയുടെ ചിത്രം കുത്തിക്കീറിയത് കാണുമ്പോള്‍ ദുഃഖമാണോ ഭയമാണോ ആശങ്കയാണോയെന്നറിയില്ല. വിദ്യാര്‍ത്ഥികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരെ അതിലേക്ക് നയിച്ച സാഹചര്യമെന്താണെന്ന് നോക്കണം. മതപഠനത്തെ കാര്യമായ ചര്‍ച്ചയ്‌ക്ക് വിധേയമാക്കേണ്ട സമയം വൈകിയിരിക്കുന്നുവെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

കത്തിയുമായി നടക്കുന്ന ക്രിമിനലുകളാണ് ഇവര്‍. കുട്ടികളെ പറഞ്ഞയച്ചവരെയും ഇവരെ രൂപപ്പെടുത്തിയവരെയും കുറിച്ച് ചര്‍ച്ചകള്‍ നടക്കണം. അരുതാത്ത ഒരു കാര്യവും ഇവിടെ പഠിപ്പിക്കാനുള്ള സംവിധാനം ഉണ്ടാകരുത്. ഈ മനസുമായി വളര്‍ന്നുവരുന്ന കുട്ടികള്‍ നാളെ ഈ രാഷ്‌ട്രത്തോടും അവര്‍ക്കൊപ്പം കഴിയുന്ന ഇതര മതസ്ഥരോടും എന്താകും ചെയ്യുക? എല്ലാ മതങ്ങളുടെയും മതപഠന സിലബസ് എല്ലാവരും ഒരുമിച്ചിരുന്നുകൊണ്ടാകണം നിര്‍മിക്കാനെന്ന് ടീച്ചര്‍ പറഞ്ഞു.

സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി.ബാബു പറഞ്ഞു. രാഷ്‌ട്ര വിരുദ്ധചിന്ത സൃഷ്ടിക്കുന്ന മതപഠനമാണോ മദ്രസകളില്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്നന്വേഷിച്ച് കുറ്റക്കാരായവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അപകടകരമായ ഇത്തരം മതപഠന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും ആര്‍.വി.ബാബു പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക