ന്യൂദല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തി വിദേശത്തേക്ക് മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദി, മദ്യരാജാവ് വിജയ് മല്ല്യ എന്നിവരെ കൈമാറാനുള്ള നടപടി വേഗത്തിലാക്കാന്‍ ഭാരതം ബ്രിട്ടനോടാവശ്യപ്പെട്ടു. ജി 20 ഉച്ചകോടിക്കെത്തിയ ബ്രിട്ടീഷ് പ്രധാനമ്രന്തി കെയ്ര്‍ സ്റ്റാര്‍മറോട്, ആദ്യ കൂടിക്കാഴ്ചയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആവശ്യം ഉന്നയിച്ച് സമ്മര്‍ദം ശക്തമാക്കിയത്.
9000 കോടി വായ്പയെടുത്ത് മുങ്ങിയ മല്ല്യ 2016 മുതല്‍ ബ്രിട്ടനിലാണ്. ഇയാളെ ഭാരതത്തിന് വിട്ടുനല്കാന്‍ യുകെ കോടതികള്‍ ഉത്തരവിട്ടിരുന്നതുമാണ്. പക്ഷെ നടപടികള്‍ ഇഴയുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,000 കോടി തട്ടിയ നീരവ് മോദി അഞ്ച് വര്‍ഷമായി ലണ്ടന്‍ ജയിലിലാണ്. ഇയാളെ വിട്ടുനല്‍കാനും ബ്രിട്ടീഷ് കോടതികള്‍ ഉത്തരവിട്ടിട്ടുണ്ട്.
പ്രവാസി ഭാരതീയരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും പുതുതായി കോണ്‍സുലേറ്റുകള്‍ തുറക്കുമെന്ന് ചര്‍ച്ചകള്‍ക്കു ശേഷം മോദി അറിയിച്ചു. ഭാരതവും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത വര്‍ഷം പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക