ടെല്‍ അവീവ്: ലെബനനില്‍ നിന്നും ഹിസ്ബുള്ള ഭീകരര്‍ അയച്ച രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്) അറിയിച്ചു. ഡ്രോണ്‍ എത്തുന്നതിന്റെ സൈറണ്‍ മുഴങ്ങിയില്ലെങ്കിലും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ വെടിവച്ചിടുകയായിരുന്നു. എന്നാല്‍ ടെല്‍ അവീവിന് സമീപം മിസൈല്‍ പതിച്ച് ഒരു സ്ത്രീ മരിക്കുകയും നിരവധി പോര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ വിവിധയിടങ്ങളിലായി ഒറ്റ ദിവസം 76 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഹമാസ് ഭീകരര്‍ ഉള്‍പ്പെടെ 43,922 പാലസ്തീന്‍കാരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫിനെ കൂടാതെ നാല് ഉദ്യോഗസ്ഥര്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ മാധ്യമ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരാണിവര്‍. ഗാസയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയ്‌ക്കുള്ള ശേഷിക്കുന്ന വിഹിതമായ 25 ലക്ഷം ഡോളര്‍ കൂടി ഭാരതം നല്‍കി. 2024-25 ല്‍ 50 ലക്ഷം ഡോളര്‍ നല്‍കുമെന്ന വാഗ്ദാനമാണ് ഭാരതം നിറവേറ്റിയത്.
ഇതിനിടയില്‍ അമേരിക്ക മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഹിസ്ബുള്ള അംഗീകരിച്ചതായി ലെബനീസ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക