Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും

Published by

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ ട്വന്റി20 ആവേശമായ സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് ടീം ക്യാപ്റ്റന്‍. 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് മത്സരങ്ങള്‍.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടി മിന്നും പ്രകടനം കാഴ്‌ച്ചവച്ച സഞ്ജുവിന്റെ വരവ് ടീമിനും ആത്മവിശ്വാസം പകരും. സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, സല്‍മാന്‍ നിസാര്‍ തുടങ്ങിയവരും ടീമിലുണ്ട്. കൂടാതെ കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ അബ്ദുള്‍ ബാസിദും ഷറഫുദീനും ഇടം കണ്ടെത്തി. സീസണില്‍ രഞ്ജി മത്സരങ്ങളിലും സി.കെ.നായിഡു ട്രോഫിയിലും കേരളം മികച്ച പ്രകടനമാണ് കാഴ്ച വയ്‌ക്കുന്നത്. രഞ്ജി ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. സി കെ നായിഡു ട്രോഫിയില്‍ കഴിഞ്ഞ മത്സരത്തില്‍ കേരളം കരുത്തരായ തമിഴ്‌നാടിനെ തോല്‍പിച്ചിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉക്കുറി മുബൈ, മഹാരാഷ്‌ട്ര, ഗോവ, ആന്ധ്രപ്രദേശ്, സര്‍വ്വീസസ്, നാഗാലന്റ് എന്നീ ടീമുകള്‍ക്ക് ഒപ്പം ഗ്രൂപ്പ് ഇയിലാണ് കേരളം. മുംബൈയ്‌ക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് ഇറങ്ങിയാല്‍ ഭാരത ക്രിക്കറ്റിലെ വലിയ സുഹൃത്തുക്കളായ സഞ്ജു-സൂര്യകുമാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിന് സാഹചര്യമൊരുങ്ങും. ശനിയാഴ്‌ച്ച സര്‍വീസസിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിദ്.പി.എ, അഖില്‍ സ്‌കറിയ, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, വൈശാഖ് ചന്ദ്രന്‍, വിനോദ് കുമാര്‍.സി.വി, ബേസില്‍.എന്‍.പി, ഷറഫുീന്‍.എന്‍.എം, നിധീഷ്.എം.ഡി. റിസര്‍വ് താരങ്ങളായി സികെ നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച വരുണ്‍ നായനാര്‍, ഷോണ്‍ റോജര്‍, അഭിഷേക് ജെ. നായര്‍ എന്നിവര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by