Cricket

ഇത് പുതിയ ആഷസ്: ഭാരതം-ഓസീസ് ടെസ്റ്റിന് ലോക ആരാധകരേറി

Published by

പെര്‍ത്ത്: ക്രിക്കറ്റിന്റെ ക്ലാസിക് സൗന്ദര്യം ആസ്വദിക്കുന്ന ആഗോള തലത്തിലെ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ് ആഷസ് പരമ്പര.

നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ടെസ്റ്റ് പോരാട്ടത്തിന്റെ കാഴ്‌ച്ച വിനോദത്തോളം പാരമ്യത്തിലെത്തിയിരിക്കുകയാണ് ഭാരതം-ഓസ്‌ട്രേലിയ പരമ്പരയായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും. ഇക്കാര്യം ആഗോള മാധ്യമത്തിന് നല്‍കിയ വിവരണത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സംഘടന ക്രിക്കറ്റ് ഓസ്‌ട്രേലിയ(സിഎ) ആണ് നേരിട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

മുന്‍പ് ആഷസിനായിരുന്നു ഇത്രയേറെ ലോക ആരാധകര്‍ ഉണ്ടായിരുന്നത്, കുറച്ചുകാലമായി ഭാരതം-ഓസ്‌ട്രേലിയ പരമ്പരയിലേക്കും ആരാധകരുടെ ക്രിക്കറ്റ് പ്രണയം വ്യാപിച്ചിരിക്കുന്നു- സിഎ ചീഫ് നിക്ക് ഹോക്ക്‌ലി വെളിപ്പെടുത്തി. 2018-19 സീസണിലെ ഭാരതത്തിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെയാണ് ഈ വ്യത്യാസം വ്യക്തമായി മനസ്സിലാക്കാനായത്. ഭാരതം ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കിയ ആ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കാണാന്‍ നിരവധി പേരാണ് എത്തിയത്. തൊട്ടടുത്ത ഭാരതത്തിന്റെ ഓസ്‌ട്രേലിയന്‍ വരവ് കാഴ്‌ച്ചക്കാരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. 2020-21 കാലത്ത് കോവിഡ്-19 മഹാമേരുവും അതുമൂലമുള്ള നിയന്ത്രണങ്ങളും കാരണം അധികം ആളുകള്‍ക്ക് എത്താന്‍ സാധിച്ചില്ല. എന്നിട്ടും ഗാലറികളുടെ 60 ശതമാനത്തിനടുത്ത് കാഴ്‌ച്ചക്കാരെത്തിയിരുന്നു.

ഇത്തവണ ഒരിക്കല്‍ കൂടി ഭാരതം ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ ഇതിന്റെ വ്യക്തമായ കണക്കുകള്‍ വന്നുതുടങ്ങിയിരിക്കുന്നുവെന്ന് നിക്ക് ഹോക്ക്‌ലി സൂചിപ്പിച്ചു. ഡിസംബര്‍ 26ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ബോക്‌സി ഡേ ടെസ്റ്റ് കാണാന്‍ തൊണ്ണൂറായിരത്തിന് മേല്‍ പേരാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ബുക്ക് ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ നാടുകള്‍, അമേരിക്ക, കാനഡ, ഏഷ്യ എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ നിന്നാണ് കാഴ്‌ച്ചക്കാരെത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ വേദിയില്‍ രണ്ട് അവസരങ്ങളിലാണ് തൊണ്ണൂറായിരത്തിന് മേല്‍ കാഴ്‌ച്ചക്കാരെത്തിയിട്ടുള്ളത്. 2015 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ 93,013 പേര്‍ മത്സരം വീക്ഷിച്ചു. ഇതിനോടടുത്തു നില്‍ക്കുന്ന കാണികളാണ് 2013 ആഷസ് ടെസ്റ്റില്‍ ഉണ്ടായിരുന്നത്- 91,112 പേര്‍.
ഭാരത ക്രിക്കറ്റിനെ പൊതുവില്‍ സ്വീകാര്യത ലഭിക്കുന്നത് പോലെ ടെസ്റ്റ് ബാറ്റര്‍മാരില്‍ എല്ലാവരുടെയും പ്രിയങ്കരന്‍ ഭാരത ബാറ്റര്‍ വിരാട് കോഹ്‌ലി ആണെന്നും നിക്ക് ഹോക്ക്‌ലി പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക