കോട്ടയം: വെള്ളൂരില്‍ കുറുവാ സംഘം എത്തിയതായി പോലീസിന് സൂചന. ഇവര്‍ വെള്ളൂരിലെ വിവിധ ഒളിത്താവളത്തില്‍ കഴിയുന്നതായാണ് വിവരം. വെള്ളൂരില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇത് സ്ഥിരീകരിച്ചത്. വൈക്കത്തും കുറുവാ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എന്നാല്‍ കുറുവാ സംഘം എത്തി മോഷണം നടത്തിയതായി ഇതുവരെയും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.വെള്ളൂരിലെ പ്രധാനപ്പെട്ട കവലയിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആലപ്പുഴയിലും എറണാകുളത്തും കുറുവാ സംഘത്തിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. അതിനാല്‍ സമീപജില്ലകളിലേക്ക് കുറുവാ സംഘം കടക്കാനുള്ള സാധ്യതയുണ്ട്. ഇത് മനസിലാക്കിയാണ് സമീപ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് തുടങ്ങിയത്.
വെള്ളൂരില്‍ കണ്ടത് കുറുവാ സംഘം മോഷണ സമയത്ത് ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചെത്തിയ ആളെയാണ്. ഇത് കുറുവാ സംഘത്തില്‍പ്പെട്ട് ആളാണെന്ന് പൊലീസ് ഏകദേശം സ്ഥിരീകരിക്കുന്നുണ്ട്. ആലപ്പുഴയില്‍ വിവിധയിടങ്ങളിലെത്തിയ കുറുവാ സംഘത്തില്‍പ്പെട്ട ആളുടെ രൂപസാദൃശ്യം വെള്ളൂരിലെത്തിയ ആളെന്ന് പൊലീസ് പറയുന്നു.
അതേസമയം കുറുവ ഭീതിയെ തുടര്‍ന്ന് കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചത്. കുറുവ സംഘാംഗം സന്തോഷ് സെല്‍വത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും ഇവരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭയെ സമീപിച്ചിരുന്നു.കുറുവ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വം കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ തന്നെയാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക