ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ കൊന്ന് കുഴിച്ചുമൂടിയ വിജയലക്ഷ്മി(48)യുടെ മൃതദേഹം കണ്ടെത്തി. പ്രതി ജയചന്ദ്രന്റെ വീടിനു സമീപത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരില്‍ പോലീസ് പരിശോധന നടത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
വിജയലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശിയാണ് വിജയലക്ഷ്മി. യുവതിയെ കൊന്ന് അമ്പലപ്പുഴ കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു താഴെ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്‌തെന്നായിരുന്നു പിടിയിലായ ജയചന്ദ്രന്‍ മൊഴിനല്‍കിയത്. പ്ലയര്‍ കൊണ്ട് തലയ്‌ക്കടിച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്.
നവംബര്‍ ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്. വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധു പോലീസില്‍ പരാതി നല്‍കിയിരുന്നു. 13നാണ് ഇവരെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളത്ത് എത്തിയ ജയചന്ദ്രന്‍ വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ചിരുന്നു. ഈ മൊബൈല്‍ പിന്നീട് സ്വിച്ച് ഓഫ് ആയ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍നിന്നു കണ്ടെത്തി.
കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ കൈമാറിയത്. ഈ ഫോണാണ് വഴിത്തിരിവായത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ജയചന്ദ്രനിലേക്ക് അന്വേഷണം എത്തിയത്. ജയചന്ദ്രനെതിരേ ദൃക്‌സാക്ഷി മൊഴിയും പോലീസിനു ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക