Kerala

നടൻ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കണം: ബലാത്സംഗ കേസിൽ മുൻ കൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, പാസ്പോർട്ട് ഹാജരാക്കാനും നിർദേശം

Published by

ന്യൂദൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻ കൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇര പരാതി നൽകിയത് സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സിദ്ദിഖ് പാസ്പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചൂ.

സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്‍ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. പുതിയ കഥകള്‍ ചമച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും പരാതിക്കാരി പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഉദ്യോഗസഥര്‍ സൃഷ്ടിക്കുന്നതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തിയിരുന്നു.

നടനെതിരെ പരാതി നല്കാന്‍ എന്തുകൊണ്ട് എട്ടുവര്‍ഷം വൈകിയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്കാന്‍ അന്വേഷണ സംഘത്തിനായില്ലെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തുന്നുണ്ട്. 2019ലും 2020ലും പരാതിക്കാരി തനിക്കെതിരെ ഫെയ്‌സ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റുകളിട്ടിരുന്നു. എന്നാല്‍ ആ പോസ്റ്റുകളില്‍ അന്ന് പറഞ്ഞ കാര്യങ്ങളല്ല ഇപ്പോള്‍ പരാതിയില്‍ പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം പ്രത്യേക അന്വേഷണ സംഘം 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്കൊഴികെ മറ്റെല്ലാവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു കഴിഞ്ഞു. മറ്റാരുടേയും മുന്‍കൂര്‍ ജാമ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നും തന്റെ മുന്‍കൂര്‍ ജാമ്യത്തെ മാത്രം എതിര്‍ക്കുന്നത് മറ്റു ചില കാരണങ്ങളാലാണെന്നും സിദ്ദിഖ് വാദിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by