Palakkad

ആവേശം, വാനോളം…കൃഷ്ണകുമാറിനായി വോട്ടഭ്യര്‍ഥിച്ച് ബിജെപി നഗരസഭാ കൗണ്‍സിലര്‍മാര്‍

Published by

പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനായി വോട്ടഭ്യര്‍ഥിച്ച് ബിജെപി നഗരസഭാ കൗണ്‍സിലര്‍മാര്‍. ഇന്നലെ രാവിലെ ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്നാണ് സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണം ആരംഭിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ ബിജെപിയുടെ 28 കൗണ്‍സിലര്‍മാരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.

തുടര്‍ന്ന് നഗരസഭയ്‌ക്ക് മുമ്പില്‍ നടന്ന സമാപനയോഗം സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേരുപറഞ്ഞ് അഴിമതി നടത്തിയ കോണ്‍ഗ്രസിനുള്ള മറുപടിയാവണം തെരഞ്ഞെടുപ്പ് ഫലമെന്ന് സി. കൃഷ്ണകുമാര്‍ പറഞ്ഞു. മാത്തൂര്‍, പിരായിരി, കണ്ണാടി പഞ്ചായത്തുകളിലെ കുടിവെള്ളം, റോഡ് തുടങ്ങിയ പ്രശ്നങ്ങള്‍ ഇക്കാലമത്രെയും പരിഹരിക്കപ്പെട്ടിട്ടില്ല. ജയിച്ചുപോയതല്ലാതെ ആ വഴിക്ക് എംഎല്‍എ തിരിഞ്ഞുനോക്കിയിട്ടില്ല. പഞ്ചായത്ത് മെമ്പര്‍ പോലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികളുടെ വികസനമാണ് നഗരസഭയില്‍ നടപ്പാക്കിയതെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു.

നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ, ഒരുമാസത്തിലധികം നീണ്ടുനിന്ന ചൂടേറിയ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. ഇന്ന് നിശബ്ദ പ്രചാരണം. കലാശക്കൊട്ട് ആവേശകരമാക്കിയാണ് മുന്നണികള്‍ പ്രചാരണത്തിന് സമാപനം കുറിച്ചത്. കാതടപ്പിക്കുന്ന അനൗണ്‍സ്മെന്റും കൊട്ടും പാട്ടും നൃത്തച്ചുവടുകളുമൊക്കെയായി സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി ആവേശക്കടല്‍ തീര്‍ത്താണ് മുന്നണികള്‍ പ്രചരണം അവസാനിപ്പിച്ചത്.

പരസ്യ പ്രചാരണത്തിന്റ അവസാന ദിവസമായ ഇന്നലെ രാവിലെ മുതല്‍ തന്നെ സ്ഥാനാര്‍ഥികള്‍ ഓട്ട പ്രദക്ഷിണത്തിലായിരുന്നു. ഉച്ചയ്‌ക്ക് രണ്ടു മണിയോടെ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിച്ച് കൊട്ടിക്കലാശത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. റോഡ് ഷോ ആയാണ് കൃഷണകുമാര്‍ കൊട്ടികലാശം നടക്കുന്ന സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്ത് എത്തിയത്.

വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ നഗരത്തെ പ്രകമ്പനം കൊള്ളിച്ചായിരുന്നു സി. കൃഷ്ണകുമാറിന്റെ റോഡ്ഷോയും കൊട്ടിക്കലാശവും.

മേലാമുറിയില്‍ നിന്ന് മൂന്നരയോടെ ആരംഭിച്ച റോഡ്ഷോ ചുണ്ണാമ്പുതറ, ജൈനിമേട്, ഒലവക്കോട്, കല്പാത്തി, വലിയപാടം, പുത്തൂര്‍, രാമനാഥപുരം, മണലി, മാട്ടുമന്ത, ജെഎച്ച് മഹല്‍ വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. കൃഷ്ണകുമാറിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് ബൈക്ക്റാലിയിലുള്ളവര്‍ പങ്കെടുത്തത്.

ഇതിനോടകംതന്നെ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനായി സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്തെത്തിയിരുന്നു. പാര്‍ട്ടി പതാകയും ഘടകകക്ഷികളുടെ പതാകയുമേന്തി ആയിരങ്ങളാണ് ഒരേ സ്വരത്തിലും താളത്തിലും ‘ഭാരത് മാതാ കി ജയ്…’ വിളികളുമായി കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. മേളത്തിനൊപ്പം നൃത്തം വയ്‌ക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും എത്തിയതോടെ ആവേശം ഇരട്ടിയായി. മുദ്രാവാക്യം വിളികളാല്‍ അന്തരീക്ഷം മുഴങ്ങി.

സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറെത്തിയതോടെ പടക്കം പൊട്ടിച്ചു. തുറന്ന വാഹനത്തില്‍ നിന്ന് കൃഷ്ണകുമാര്‍ തടിച്ചുകൂടിയ പ്രവര്‍ത്തകുടെ നടുവിലേക്ക്.. ആവേശം അലകടലായി… നൃത്തനൃത്ത്യങ്ങളും ബലൂണുകളും കടലാസ് പോപ്പറുകളും, നാസിക് ഡോളും വനിതകളുടെ ശിങ്കാരിമേളവും പൂക്കാവടികളും തകര്‍ത്താടി.. പ്രധാനമന്ത്രി മോദിയുടേയും സ്ഥാനാര്‍ഥിയുടേയും ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളും ഉണ്ടായി
രുന്നു.

പിന്നീട് ജെസിബിയില്‍ കയറിയ കൃഷ്ണകുമാര്‍ പ്രവര്‍ത്തകര്‍ക്ക് മേലെ പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് പതാക വീശി. താഴെ വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മേളത്തിനൊപ്പം നൃത്തം വയ്‌ക്കുമ്പോള്‍ മുകളില്‍ നിന്ന് അവര്‍ക്കൊപ്പം താളം പിടിച്ചും പതാക വീശിയും കൃഷ്ണകുമാറും അവര്‍ക്കൊപ്പം പങ്കുചേര്‍ന്നു.

വൈകിട്ട് ആറിന് കൊട്ടിക്കലാശം തീരും വരെ ഘടകകക്ഷി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആടിത്തിമിര്‍ക്കുകയായിരുന്നു. പ്രവാസി പ്രവര്‍ത്തകരുടെ ആശംസയറിച്ചുകൊണ്ടുള്ള ഫഌക്‌സുകളും ഇതിനിടെ ഉയര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ തുടങ്ങിയവര്‍ തുറന്ന വാഹനത്തിന് മുകളില്‍ കയറി ജയ് വിളിച്ചതോടെ പ്രവര്‍ത്തകര്‍ ഇരട്ടി ആവേശത്തോടെ അത് ഏറ്റുചൊല്ലി.

പിഎഫ്ഐ ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ എ. സഞ്ജിത്ത്, എ. ശ്രീനിവാസന്‍ എന്നിവര്‍ക്കുള്ള ആദരാഞ്ജലികൂടിയായി ഇത്. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനോടൊപ്പം കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ എന്നിവര്‍ തുറന്ന വാഹനത്തിലുണ്ടായിരുന്നു.

സംസ്ഥാന വൈസ് പ്രസി: പി.രഘുനാഥ്, സെക്രട്ടറി എ. നാഗേഷ്, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന.സെക്രട്ടറിമാരായ പി. വേണുഗോപാല്‍, എ.കെ. ഓമനക്കുട്ടന്‍, യുവോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, ഉപാധ്യക്ഷന്‍ ഇ.പി. നന്ദകുമാര്‍, ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസി: എ.എന്‍. അനുരാഗ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, അഡ്വ. പ്രകാശ് ബാബു, ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍, ടി.പി. സിന്ധുമോള്‍, അഡ്വ. വി.വി. രാജേഷ്, രേണുസുരേഷ്, എന്‍.പി. രാധാകൃഷ്ണന്‍, സന്ദീപ് വാചസ്പതി, രാജി പ്രസാദ്, അഡ്വ. നാരായണന്‍ നമ്പൂതിരി, രവി തേലത്ത്, കെ. അനീഷ്‌കുമാര്‍, ടി.കെ. ഫിലിപ്, ഘടകകക്ഷി നേതാക്കള്‍, മോര്‍ച്ച സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.

സായംസന്ധ്യയെ സാക്ഷിയാക്കി ഹരിതവര്‍ണ കുങ്കുമ പതാക വാനില്‍ ഉയര്‍ന്നപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് സി. കൃഷ്ണകുമാറിന്റെ വിജയം ആഘോഷിക്കുന്നതിന്റെ റിഹേഴ്സലായി കൊട്ടിക്കലാശം. ഇതിനിടെ പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറിലും നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥിയെ കാണാനെത്തിയത്. ഇന്ന് നിശബ്ദ പ്രചാരണം. നാളെ പോളിങ് ബൂത്തിലേക്ക്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക