ലോകത്തെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട് സൈനിക സാങ്കേതിക വിദ്യയില്‍ ഭാരതത്തിന് മറ്റൊരു വലിയ നേട്ടം. ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഈ സുപ്രധാന സാങ്കേതികവിദ്യ സ്വന്തമാക്കിയ ലോകശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്കൊപ്പം നമ്മുടെ രാജ്യവും. ഭാരതം പൂര്‍ണമായും തദ്ദേശീയമായാണ് മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പ്രതീക്ഷിച്ച എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായി പൂര്‍ത്തിയാക്കിയാണ് പരീക്ഷണം സഫലമായത്.
പരമ്പരാഗത സ്ഫോടക വസ്തുക്കളും ആണവ പോര്‍മുനകളും വഹിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ മണിക്കൂറില്‍ 6200 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുക. അതിനാല്‍ത്തന്നെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കൊന്നും ഇവയെ തടയാന്‍ സാധിക്കില്ല. ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് അവയുടെ വേഗത, കൃത്യത, റേഞ്ച് എന്നിവ കാരണം യുദ്ധത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും. ശബ്ദത്തിന്റെ അഞ്ചു മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്നതും, എവിടെയും മറികടക്കാനാകും എന്നതാണ് പ്രതിരോധ രംഗത്ത് ഏറെ സവിശേഷമായ സാങ്കേതികവിദ്യയാക്കി മാറ്റുന്നത്. ഭാരതത്തിന്റെ സൈനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ പുതിയ അധ്യായമാണിത്.
സ്വാഭാവികമായും അയല്‍രാജ്യങ്ങളായ പാകിസ്ഥാന്റേയും ചൈനയുടേയും നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതാണ് ഭാരതത്തിന്റെ ചരിത്ര പരീക്ഷണ വിജയം. ഇതുവരെ ഭാരതം നടത്തിയ സൈനിക പരീക്ഷണങ്ങള്‍ പ്രധാനമായും പാകിസ്ഥാനെ മുന്നില്‍ കണ്ടു കൊണ്ടായിരുന്നു. എന്നാല്‍ ചൈനയെക്കൂടി കണ്ടുള്ളതാണ് പുതിയ മിസൈല്‍. ഹൈപ്പര്‍സോണിക് മിസൈലിന്റെ പരിധിയില്‍ ചൈനീസ് പ്രദേശങ്ങള്‍ കൂടി വരും. പാകിസ്ഥാനിലെ കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ഫൈസലാബാദ് നഗരങ്ങളെ, കൂടാതെ ടിബറ്റ് പ്രദേശത്തും ആഘാതം സൃഷ്ടിക്കാനാകും.. ടിബറ്റന്‍ മേഖലയിലാണ് ചൈനയുമായി അതിര്‍ത്തി പ്രശ്നമുള്ളത്. അണ്വായുധം ഉള്‍പ്പെടെ വിവിധ തരത്തിലുള്ള പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഹൈപ്പര്‍സോണിക് മിസൈല്‍. മിസൈലിന്റെ കൃത്യത, സഞ്ചാരഗതി, ആഘാതം എന്നിവയെല്ലാം പ്രതീക്ഷിച്ചതിനുമപ്പുറവും. പാകിസ്ഥാനേയും ചൈനയേയും അമ്പരപ്പിക്കാന്‍ ഇതുതന്നെ ധാരാളം. മികച്ച സാങ്കേതികവിദ്യയുമായി വലിയ സൈനിക ശക്തിയായി ഭാരതം മുന്നോട്ട് പോകുന്നത് സഹിക്കാന്‍ രണ്ടു രാജ്യങ്ങള്‍ക്കും കഴിയില്ല. ഭാരതം ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യ സ്വന്തമാക്കിയത് വലിയ ഭീഷണിയാണെന്ന് പാകിസ്ഥാന് പ്രതികരിച്ചുകഴിഞ്ഞു.
ലോകത്തെ മുന്‍ നിര സാമ്പത്തിക ശക്തിയായി മാറാന്‍ കുതിക്കുന്ന രാജ്യത്തിന് സൈനിക കരുത്തിലും മുന്‍നിരയില്‍ എത്തേണ്ടത് അനിവാര്യമാണ്. സൈനിക മേഖലയില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനനുസരിച്ച് മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ സമഗ്ര മുന്നേറ്റം അസാധ്യമാകും. പരമ്പരാഗത ആയുധങ്ങള്‍ക്ക് പുറമെ കൂടുതല്‍ അപ്രതിരോധ്യമായ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ് ലോകശക്തികള്‍. ലോക ശക്തിയായി രൂപപ്പെടുന്ന ഭാരതത്തിനും തോളോടു തോള് ചേര്‍ന്നേ പറ്റൂ. യുദ്ധത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം അതിലൊന്നാണ്. ഭാരതത്തിന് ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ വിജയിക്കുകയും സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: