ഗുരുവായൂര്‍: തന്റെ ജീവിതകാലത്ത് 40 ഉദയാസ്തമനപുജ വഴി പാട് സമര്‍പ്പിച്ചു ചെമ്പൈ സ്വാമി. അതിനുപുറമേ പ്രസിദ്ധ സംഗീതജ്ഞരായ എം.എസ്. സുബ്ബലക്ഷ്മി, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ എന്നിവരോട് ഗുരുവായൂരപ്പന്റെ ഉദയാസ്തമന പൂജാ മാഹാത്മ്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. അങ്ങനെ അവരും ഉദയാസ്തമന പൂജ നടത്തി. പ്രത്യേകം സംഗീതക്കച്ചേരിയും സമര്‍പ്പിച്ചു ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനു പാത്രീഭൂതരായി.
ഇത്രയധികം ഉദയാസ്തമനപൂജ നടത്തിയും മറ്റുള്ളവരെക്കൊണ്ട് നടത്തിച്ചും സംഗീരാധന നടത്തിയും തന്നെ സേവിച്ച ആ മഹാനുഭാവന്റെ നാമം ലോകം അറിയട്ടെ എന്ന് ഗുരുവായൂരപ്പന്‍ തീര്‍ച്ചയായും കരുതിയോ? അത് ഗുരുവായൂരപ്പനും ചെമ്പൈ ഭാഗവതര്‍ക്കും മാത്രം അറിയാവുന്ന രഹസ്യം.
എന്തായാലും സംഗീതപ്രിയനായ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഭക്തനായ ചെമ്പൈ ഭാഗവതരുടെ പേരിലുള്ള ഉത്സവം ക്ഷേത്രത്തിനകത്ത് ആയിരുന്നപ്പോള്‍ ഗുരുവായൂരപ്പന്റെ മേല്‍ശാന്തിയും, മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ ആയപ്പോള്‍ ക്ഷേത്രം താന്ത്രികാചാര്യനും ഭദ്രദീപം തെളിയിച്ചാണ് 15 ദിവസത്തെ സംഗീതോത്സവത്തിനു ഗുരുവായൂരില്‍ തുടക്കമാകുന്നത്. ഇത് വാതപുരേശന്റെ നിശ്ചയം!
മൂന്നില്‍ നിന്നു 15 ദിനങ്ങളിലേക്ക്… വെള്ളിപ്പതക്കം സ്വര്‍ണപ്പതക്കമായി
കാലം കടന്നുപോയപ്പോള്‍ ചെമ്പൈ സംഗീതോത്സവം ലോകപ്രശസ്തിയിലേക്കെത്തി. തുടക്കത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന ഈ സംഗീതോത്സവം 5 ,7 ,10, 12 ,14, 15 ദിവസങ്ങളിലേക്കു നീണ്ടു. ഇതില്‍ പങ്കെടുക്കുന്ന സംഗീതജ്ഞരുടെ എണ്ണം ആയിരങ്ങള്‍ കടന്നു. വെള്ളി ലോക്കറ്റുകളും അഭിഷേക എണ്ണയും നല്‍കുന്ന സമ്പ്രദായം മാറി. പകരം കളഭവും, മറ്റു പ്രസാദങ്ങളും പാടാന്‍ വരുന്ന കുരുന്നുകള്‍ മുതല്‍ പ്രസിദ്ധ സംഗീതജ്ഞര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ദേവസ്വം വകയായി നല്‍കിത്തുടങ്ങി. അത് ഇന്നും തുടരുന്നു. ക്ഷേത്രം മതില്‍ക്കകത്ത് ഓലപ്പന്തല്‍കെട്ടി വേദിയൊരുക്കിയിരുന്ന ചെമ്പൈ സംഗീതോത്സവം ഭക്തജനങ്ങള്‍ക്കെല്ലാം സൗകര്യപ്രദമായ രീതിയില്‍ 1984-ല്‍ ഊട്ടുപുരയിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിശാലമായ ഹാളിലേക്ക് മാറ്റി.
ഔപചാരികമായ ഉദ്ഘാടനം മതില്‍ക്ക് പുറത്തും പിറ്റേന്ന് മതില്‍ക്കകത്ത് ഗുരുവായൂരപ്പന്റെ മേശ്ശാന്തി ഭദ്രദീപം കൊളുത്തിയശേഷം സംഗീതാരാധന ആരംഭിക്കുക എന്നതായിരുന്നു 1998 വരെ പതിവ്. 1998 മുതലാണ് ചെമ്പൈ സംഗീതോത്സവം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്കു മാറ്റിയത്.
പാട്ടുകാര്‍ക്ക് വെള്ളിലോക്കറ്റ് സമ്മാനിച്ചിരുന്ന സംഗീതോത്സവം 2005 മുതല്‍ മികച്ച കലാകാരന് ചെമ്പൈ ഭാഗവതരുടെ സ്മരണാര്‍ത്ഥം ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം എന്നപേരില്‍ 10 ഗ്രാം സ്വര്‍ണ്ണപ്പതക്കം ബഹുമതി നല്‍കുന്ന രീതിയിലേക്ക് മാറി. ചെമ്പൈ സംഗീതോത്സവം സംബന്ധിച്ച് ഒരു ദിവസത്തെ സെമിനാറും, ഉദ്ഘാടനചടങ്ങുകളും 51 വര്‍ഷമായി നടക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനവും കൊണ്ട് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം മൂവായിരത്തിലധികം സംഗീതജ്ഞര്‍ പങ്കെടുക്കുന്ന ഒരു മഹോത്സവമായി തീര്‍ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക