Kerala

പെറ്റയ്‌ക്ക് വേണ്ടി നടി വേദിക എടയാര്‍ വടക്കുമ്പാട് ശിവവിഷ്ണു ക്ഷേത്രത്തില്‍ യന്ത്രആനയെ നടയിരുത്തി; ജീവനുള്ള ആന കാട്ടില്‍ ജീവിക്കട്ടെയെന്ന് പെറ്റ

Published by

കണ്ണൂര്‍:നടന്‍ ദിലീപിന്റെ ശൃംഗാരവേലന്‍ എന്ന സിനിമയിലെ നായികയായ നടി വേദിക കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ആനയെ നടയിരുത്തി. പെറ്റ എന്ന മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഘടനയ്‌ക്ക് വേണ്ടിയാണ് വേദിക കണ്ണൂരിലെ എടയാര്‍ വടക്കുമ്പാട് ശിവവിഷ്ണു ക്ഷേത്രത്തിലേക്ക് വേദിക ആനയെ നല്‍കിയത്. ജീവനുള്ള ആനയെയല്ല. ഒരു യന്ത്ര ആനയെ ആണ് നടി നല്‍കിയത്. പീപ്പിള്‍ ഫോര്‍ എതിക്കല്‍ ട്രീറ്റ് മെന്‍റ് ഫോര്‍ അനിമല്‍സ് (പെറ്റ) എന്ന സംഘടനയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടി വേദിക ഈ യന്ത്ര ആനയെ ക്ഷേത്രത്തിന് നല്‍കിയത്.

തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളില്‍ നായികയായ വേദിക തന്റെ സമൂഹമാധ്യമപേജില്‍ കുറിച്ചത് പാരമ്പര്യത്തിന്റെ പേരില്‍ ജീവനുള്ള മൃഗങ്ങളോട് ക്രൂരതകാട്ടുന്നത് ഒഴിവാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെറ്റ എന്ന സംഘടനയുമായി സഹകരിച്ചത് എന്നാണ്. വടക്കുമ്പാട്ട് ശങ്കരനാരായണന്‍ എന്ന പേരിലുള്ള ഈ യന്ത്ര ആനയെ കണ്ണൂരിലെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നും വേദിക കുറിപ്പില്‍ പറയുന്നു.

ജീവനുള്ള ആനിയെ സ്വന്തമാക്കുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്യരുതെന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് സംഘടന യന്ത്ര ആനയെ നടയിരുത്തിയതെന്ന് പെറ്റ ഭാരവാഹികള്‍ പറഞ്ഞു. കണ്ണൂരിലെ ക്ഷേത്രത്തിന് പുറമെ മറ്റ് മൂന്ന് ക്ഷേത്രങ്ങളിലേക്ക് കൂടി യന്ത്ര ആനകളെ നല്‍കിയിട്ടുണ്ട്. ഈ സന്ദേശത്തിന് കൂടുതല്‍ ജനപ്രിയത കിട്ടാനാണ് നടികളെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്. യന്ത്ര ആനകളെ വെച്ച് ഉത്സവം കൊഴുക്കുമ്പോള്‍ ജീവനുള്ള ആന കാട്ടില്‍ തന്നെ ജീവിക്കട്ടെ എന്നതാണ് പെറ്റയുടെ നിലപാട്.

തൃശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രം, കൊച്ചി തൃക്കയില്‍ മഹാദേവക്ഷേത്രം, തിരുവനന്തപുരം പൗര്‍ണ്ണമിക്കാവ് ക്ഷേത്രം എന്നിവയാണ് പെറ്റ എന്ന സംഘടനയില്‍ നിന്നും യന്ത്ര ആനയെ ലഭിച്ച മറ്റ് മൂന്ന് ക്ഷേത്രങ്ങള്‍. “സമപ്രായക്കാരോടൊപ്പം വനത്തില്‍ സ്വൈരവിഹാരം നടത്തേണ്ട ആനകളോടുള്ള ബഹുമാനാര്‍ത്ഥം ഒരു യന്ത്ര ആനയെ ക്ഷേത്രപരിപാടികള്‍ക്കായി സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്.”-കെ. നാരായണന്‍ നമ്പൂതിരി പറയുന്നു.

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 526 ഓളം ആനകള്‍ ചെരിഞ്ഞിട്ടുണ്ടെന്ന് പെറ്റ ഭാരവാഹികള്‍ പറയുന്നു. ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സിന്റെ കണക്ക് പ്രകാരമാണ് ഇത്രയും നാട്ടാനകള്‍ ചെരിഞ്ഞതായ കണക്ക്. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ആനകള്‍ വനത്തില്‍ സ്വൈരവിഹാരം നടത്തട്ടെയെന്നതാണ് ആഗ്രഹമെന്നും പെറ്റ പറയുന്നു.

ജീവനുള്ള കൊമ്പനെന്ന് തോന്നിക്കുന്ന ഈ യന്ത്ര ആനയെവെച്ച് ക്ഷേത്രങ്ങളില്‍ പൂരം നടക്കട്ടെ എന്ന അഭിപ്രായമാണ് പെറ്റ എന്ന സംഘടനയ്‌ക്കുള്ളത്. ഈ ആശയം സംഘടന കേരളത്തില്‍ ശക്തമായി പ്രചരിപ്പിക്കുന്നു.

 

 

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക