Business

നാല് പുതിയ റോയല്‍ എന്‍ഫീല്‍ഡ് വണ്ടികള്‍ വരുന്നൂ…പുതിയ മോഡലുകള്‍ നവമ്പര്‍ 22ന് ഗോവയിൽ കാണാം

Published by

ചെന്നൈ ആസ്ഥാനമായുള്ള ബഹുരാഷ്‌ട്ര കമ്പനിയാണ് റോയല്‍ എന്‍ഫീല്‍ഡ്. 1901ല്‍ ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയറില്‍ സ്ഥാപിതമായ എന്‍ഫീല്‍ഡ് എന്ന മോട്ടോര്‍സൈക്കളും സൈക്കിളും പുല്ലുവെട്ടിയന്ത്രവും ഉണ്ടാക്കുന്ന കമ്പനിയെ പിന്നീട് മദ്രാസിലുള്ള മദ്രാസ് മോട്ടോഴ്സ് എന്ന കമ്പനി വാങ്ങുകയായിരുന്നു. ഇപ്പോള്‍ എയ് ഷര്‍ മോട്ടോഴ്സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ ഭാഗമാണ് റോയല്‍ എന്‍ഫീല്‍ഡ്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്ക് 350, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ ബേഡ്, മെറ്റിയോര്‍ 350, ക്ലാസിക് 500, ഇന്‍റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്‍റര്‍, ഹണ്ടര്‍ 350 തുടങ്ങി ഒട്ടേറെ മോഡലുകള്‍ വിപണിയില്‍ ഇറക്കിയ കമ്പനി നല് പുതിയ മോഡല്‍ കൂടി ഇറക്കുകാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 650, റോയൽ എൻഫീൽഡ് ഹണ്ടർ 350, റോയൽ എൻഫീൽഡ് ഇന്‍റർസെപ്റ്റർ 650, റോയൽ എൻഫീൽഡ് സ്‌ക്രാം 440 എന്നിവയാണ് പുതുതായി വിപണിയിൽ എത്തുന്ന നാല് മോഡലുകള്‍.

നവംബർ 22 ന് ഗോവയിൽ ആരംഭിക്കുന്ന മോട്ടോവേഴ്സ് 2024 ൽ ലോഞ്ച് ചെയ്യുന്ന വണ്ടികൾ 2025 ൽ ഇന്ത്യൻ വിപണിയില്‍ എത്തും. ഓഫ് റോഡ് ബൈക്കായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഉള്‍പ്പെടെ നിരവധി മോഡലുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട് റോയല്‍ എന്‍ഫീല്‍ഡ്.

റോയൽ എൻഫീൽഡ് ക്ലാസിക് 650
ഐസിഎംഎ 2024ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ക്ലാസിക് 650 അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഫ്രെയിം, ബ്രേക്കുകൾ, ഇരട്ട ഷോക്ക് അബ്‌സോർബറുകൾ, എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് വണ്ടിയിൽ ഒരുക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡിന്റെ വണ്ടികളിൽ ഏറ്റവും ഭാരം കൂടിയ മോട്ടർസൈക്കിളാണിത്. 243 കിലോഗ്രാമാണ് ക്ലാസിക് 650 ന് ഉള്ളത്. 4747 ബിഎച്ച്പി കരുത്തും 52.3 എന്‍എം ടോർക്കും ഉള്ള വണ്ടിക്ക് 648 സിസി പാരലൽ ട്വിൻ എഞ്ചിനാണ് ഉള്ളത്.

റോയൽ എൻഫീൽഡ് ഹണ്ടർ 350- പുതിയ പതിപ്പ്
റോയൽ എൻഫീൽഡ് ഹണ്ടർ 350ന്റെ പുതുക്കിയ പതിപ്പാണ് പുതുതായി ഇറങ്ങുന്ന മറ്റൊരു വണ്ടി. 349 സിസി എയർ-കൂൾഡ് എഞ്ചിൻ ആണ് വണ്ടിക്കുള്ളത്. പുതുതായി എൽഇഡി ഹെഡ്‌ലാമ്പുകൾ വണ്ടിയിൽ ഉണ്ട്. ഇരട്ട ഷോക്ക് അബ്‌സോർബറുകളും വണ്ടിക്കുണ്ട്. രണ്ട് വ്യത്യസ്ത കളറുകളിലാണ് വണ്ടിയിറങ്ങുന്നത്.

റോയൽ എൻഫീൽഡ് ഇന്‍റർസെപ്റ്റർ 650

റോയൽ എൻഫീൽഡിന്റെ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി പുറത്തിറങ്ങുന്ന പുതിയ വേരിയന്‍റ് ആണ് റോയൽ എൻഫീൽഡ് ഇന്‍റർസെപ്റ്റർ 650 പുതിയ സിംഗിൾ-പോഡ് ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പ്, എൽഇഡി യൂണിറ്റുകളുള്ള ഇൻഡിക്കേറ്ററുകൾ, മുൻവശത്ത് ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിങ്ങനെ നിരവധി പുതിയ കാര്യങ്ങൾ ഈ വേരിയന്‍റിൽ ഉപയോഗിച്ചിട്ടുണ്ട്. 648 സിസി പാരലൽ-ട്വിൻ എഞ്ചിനും 6-സ്പീഡ് ഗിയർബോക്‌സും ഇതിൽ സജ്ജീകരിക്കുന്നുണ്ട്.

റോയൽ എൻഫീൽഡ് സ്‌ക്രാം 440

റോയൽ എൻഫീൽഡിന്റെ തന്നെ സ്ക്രാം 411 ന് ബദലായിട്ടാണ് സ്‌ക്രാം 440 പുറത്തിറങ്ങുന്നത്. ഒന്നിലധികം കളറുകളിലാണ് ഈ വേരിയന്‍റ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്‌ക്രാം 411 ന്റെ എഞ്ചിനോട് സാദൃശ്യമുള്ള 443 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ വേരിയന്‍റിന് ഉള്ളത്. 2025 രണ്ടാം പകുതിയിലാണ് ഇന്ത്യൻ വിപണിയിൽ എത്തുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക