ന്യൂഡൽഹി : നൈജീരിയയിലെ ആദ്യ സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തിയത്. ഇവിടെ വേദമന്ത്രങ്ങൾ ഉരുവിട്ട് , ശ്ലോകങ്ങൾ ചൊല്ലിയാണ് അദ്ദേഹത്തെ സ്വീകരിച്ചത് . പരമ്പരാഗത വസ്ത്രം ധരിച്ച നർത്തകർ മോദിയെ സ്വീകരിച്ച് ഹോട്ടലിൽ ദണ്ഡിയ നൃത്തം അവതരിപ്പിച്ചു.
സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമടങ്ങുന്ന സംഘത്തിന്റെ വേദപാരായണം അതീവ ശ്രദ്ധയോടെ പ്രധാനമന്ത്രി ശ്രവിക്കുകയും ചെയ്തു. രാമകൃഷ്ണ മിഷൻ, ഇസ്‌കോൺ, സത്യസായി ബാബ, മഹർഷി മഹേഷ് യോഗി, ഭക്തി വേദാന്ത ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾക്ക് ബ്രസീലിൽ ചാപ്റ്ററുകളുണ്ട് . ഇവരാണ് ഇത്തരമൊരു സ്വീകരണം ഒരുക്കിയത് .
‘ ഞാൻ ബ്രസീലിൽ ഇറങ്ങിയപ്പോൾ ഇന്ത്യക്കാർ എന്നെ മന്ത്രോച്ചാരണങ്ങളോടെ സ്വാഗതം ചെയ്തു, അത് എന്നോടുള്ള അവരുടെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു ‘ എന്ന് പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു.
ബ്രസീലിലെ ഇന്ത്യൻ അംബാസഡർ സുരേഷ് റെഡ്ഡി ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ റിയോ ഡി ജനീറോയിൽ സ്വീകരിച്ചു. ഈ നിമിഷത്തിൽ ഞങ്ങൾ ആവേശത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവിനെ കാണാൻ ഞങ്ങൾ ആഗ്രഹിച്ചു. അദ്ദേഹത്തെ നേരിൽ കാണാനായത് അഭിമാനകരമായ കാര്യമാണെന്നും ഞങ്ങൾക്ക് അഭിമാന നിമിഷമാണെന്നും പ്രവാസികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക