ലണ്ടൻ: ബ്രിട്ടനിലെ ഇൽഫോഡിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ ഭർത്താവിനായി തെരച്ചിൽ. അറുപതിലേറെ ഡിറ്റക്‌ടീവുകൾ ഇയാൾക്കായി അന്വേഷണം നടത്തുന്നുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് നോർത്താംപ്‌ടൺഷെയർ പോലീസ് മേധാവി പോൾ കാഷ് അറിയിച്ചു.
ബ്രിട്ടനിലെ നോർത്താംപ്‌ടൺഷെയറിൽ ഹർഷിത ബ്രെല്ല (24)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് പങ്കജ് ലാംബ ഒളിവിൽ പോവുകയായിരുന്നു.
ഈ മാസം തുടക്കത്തിലാകാം ഹർഷിത കൊല്ലപ്പെട്ടതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നോർത്താംപ്‌ടൺഷെയറിൽ നിന്ന് കാറിൽ ഹർഷിതയുടെ മൃതദേഹം ഇൽഫോഡിലെത്തിച്ചശേഷം പങ്കജ് ഒളിവിൽ പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ സെപ്‌തംബറിൽ ഹർഷിതയ്‌ക്കായി ഗാർഹിക പീഡന സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹർഷിതയുടെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ബുധനാഴ്‌ച ഫോൺ സന്ദേശം ലഭിച്ചതായി പോലീസ് പറയുന്നു. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലുള്ള ഇവരുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ ഹർഷിതയെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്‌ച ഇൽഫോഡിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: