തൃശ്ശൂർ: കാർഷിക രംഗത്ത് ഹോർട്ടികൾച്ചറൽ മേഖലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് കാർഷിക സർവകലാശാല. 44 വർഷംമുൻപ് അവസാനിപ്പിച്ച ബിഎസ്‌സി (ഓണേഴ്സ്) ബിരുദകോഴ്സ് വീണ്ടും ആരംഭിക്കാനും വിജ്ഞാപനം കഴിഞ്ഞ ദിവസം ഇറങ്ങി. ഇതോടെ ഹോർട്ടികൾച്ചർ ബിരുദ കോഴ്സില്ലാത്ത സംസ്ഥാനം എന്ന നാണക്കേടിൽ നിന്നും കേരളം കരകയറും. 1980-ൽ ദേശീയതലത്തിലെ ഏകീകരണവും മറ്റും ചൂണ്ടിക്കാട്ടിയാണ് കാർഷിക സർവകലാശാല ഈ കോഴ്സ് അവസാനിപ്പിച്ചത്.
സർവകലാശാല നടപടിക്കെതിരെ ഹോർട്ടികൾച്ചർ ബിരുദകോഴ്സിലെ മൂന്നും നാലും വർഷ ബാച്ചുകളിലെ വിദ്യാർഥികൾ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചെങ്കിലും സർവകലാശാല അധികൃതർ മുഖംതിരിച്ചു. ഇന്നിപ്പോൾ കോഴ്സിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് പുനരാരംഭിക്കുന്നുവെന്ന് അധികൃതർ പറയുന്നു. തോട്ടവിള, സുഗന്ധവ്യഞ്ജന, പച്ചക്കറി കൃഷികളേറെയുള്ള കേരളത്തിൽ കോഴ്സ് അവശ്യമാണെന്ന് സർവകലാശാല ഗവേഷണവിഭാഗം മുൻ അസോസിയേറ്റ് ഡയറക്ടർ ഡോ. സി. നാരായണൻകുട്ടി പറഞ്ഞു. ഹോർട്ടികൾച്ചർ രംഗത്ത് ജോലിസാധ്യതകൾ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർട്ടികൾച്ചർ പ്രൊഫഷണലുകൾക്ക് എല്ലാ മേഖലയിലും വലിയ ഡിമാൻൻ്റാണുള്ളത്. ഇതുകൂടാതെ, ഹോർട്ടികൾച്ചർ സ്വയം തൊഴിൽ ചെയ്യാനുള്ള മികച്ച അവസരവും നൽകുന്നു. ഹോർട്ടികൾച്ചർ, ഒരു പഠനമേഖല എന്ന നിലയിൽ, കൂൺ കൾച്ചർ, സംസ്കരണം, തേനീച്ചവളർത്തൽ, സെറികൾച്ചർ, ടിഷ്യു കൾച്ചർ, നഴ്സറി ഉത്പാദനം, വിത്തുൽപാദനം തുടങ്ങി നിരവധി വിളകളുടെ കൃഷിക്കപ്പുറമാണ്.
വെള്ളാനിക്കരയിൽ ഹോർട്ടികൾച്ചർ, തിരുവനന്തപുരം വെള്ളായണിയിൽ അഗ്രികൾച്ചർ എന്നീ ബിരുദകോഴ്സുകളാണ് ആദ്യസമയത്ത് സർവകലാശാല തുടങ്ങിയത്. വെള്ളാനിക്കരയിലെ കോളേജിന് ഹോർട്ടികൾച്ചർ കോളേജ് എന്ന് പേരുമിട്ടു. 1980-ൽ ദേശീയതലത്തിലെ ഏകീകരണവും മറ്റും ചൂണ്ടിക്കാട്ടി ഈ കോഴ്സ് അവസാനിപ്പിച്ചു. എന്നാൽ, കോളേജിന്റെ പേര് ഹോർട്ടികൾച്ചർ എന്നുതന്നെ തുടർന്നു.
2019-ൽ കോളേജിന്റെ പേരിലുള്ള കോഴ്സില്ലെന്ന കാരണത്താൽ ഐ.സി.എ.ആറിന്റെ അക്രെഡിറ്റേഷൻ ലഭിക്കില്ലെന്ന സാഹചര്യമുണ്ടായി. അതോടെ പേര് കോളേജ് ഓഫ് അഗ്രികൾച്ചർ എന്നാക്കി. അപ്പോൾ ഐ.സി.എ.ആറിന് നൽകിയ ഉറപ്പ് ഹോർട്ടികൾച്ചർ ബിരുദം ഉടനെ തുടങ്ങുമെന്നായിരുന്നു. എന്നാൽ, തീരുമാനം പിന്നെയും വൈകി.
ഇന്നിപ്പോൾ ബി.എസ്‌സി. (ഓണേഴ്സ്) ഹോർട്ടികൾച്ചർ വീണ്ടും തുടങ്ങാനുള്ള തീരുമാനമാണ് കാർഷിക സർവകലാശാല കൈക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക