സന്നിധാനം: തീര്‍ത്ഥാടകരുടെ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം അട്ടിമറിക്കുന്നതായി ആക്ഷേപം. വൃശ്ചികപ്പുലരിയിലും രണ്ടാം ദിവസവും സന്നിധാനത്തെത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തിലെ കുറവാണ് വെര്‍ച്വല്‍ ബുക്കിങ്ങ് ബോധപൂര്‍വ്വം അട്ടിമറിക്കുന്നുവോ എന്ന സംശയം ജനിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
പ്രത്യേകിച്ചും ശനി, ഞായര്‍ ദിവസങ്ങള്‍ കൂടിയാകുമ്പോള്‍ ഭക്തര്‍ തിക്കിത്തിരക്കുന്ന കാഴ്ചയായയിരുന്നു സന്നിധാനത്ത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇന്നലെ വൈകിട്ട് 4 മണിവരെ 45,719 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് ഔദ്യോഗിക കണക്ക്.
എഴുപതിനായിരം വെര്‍ച്വല്‍ ബുക്കിങ്ങ് പ്രതിദിനം അനുവദിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇതിനു മുന്‍പ് സൈറ്റ് ലോക്ക് ചെയ്യുന്നതായാണ് പരാതി ഉയരുന്നത്. മാസപൂജാ വേളയില്‍ കാണപ്പെടുന്ന തിരക്കുപോലും മണ്ഡലാരംഭത്തില്‍ അനുഭവപ്പെടുന്നില്ല. മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ സന്നിധാനത്തേക്കെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കുക എന്ന തന്ത്രമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പയറ്റുന്നത് എന്ന് അനുമാനിക്കാനേ കഴിയൂ.
തുലാമാസ പൂജയില്‍ തീര്‍ത്ഥാടകരെ ബാരിക്കേഡില്‍ 12 മണിക്കൂറിലേറെ തടഞ്ഞുവച്ചതും ഇവര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാക്കാന്‍ കഴിയാതിരുന്നതും വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതര സംസ്ഥാനക്കാരായ തീര്‍ത്ഥാടകര്‍ വലിയ തോതില്‍ പ്രതിഷേധിക്കുകയും ഇവരെ പോലീസ് കൈയേറ്റം ചെയ്ത സംഭവങ്ങളും കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. തീര്‍ത്ഥാടകരില്‍ ഒരു വിഭാഗം മടങ്ങിപ്പോയി പന്തളം അയ്യപ്പ ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുകയും ചെയ്തിരുന്നു.
അയ്യപ്പ സേവാസമാജം അടക്കമുള്ള സന്നദ്ധ സംഘടനകളെ സേവനപ്രവര്ത്തനങ്ങലില് നിന്നും വിലക്കിയതാണ് തീര്‍ത്ഥാടകര്‍ക്ക് ദാഹജലം പോലും ലഭിക്കാത്ത സാഹചര്യത്തിന് ഇടയാക്കിയത്. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് മാത്രം വിചാരിച്ചാല്‍ ഭക്ഷണവും വെള്ളവും നല്കാന് കഴിയില്ല. ഇതിന് കണ്ടെത്തിയ പരിഹാരമാണ് തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുക എന്നത്. ഇതിനായാണ് പ്രഖ്യാപിച്ച വെര്‍ച്വല്‍ ബുക്കിങ് പോലും അനുവദിക്കാതെ ഭക്തരെ നിയന്ത്രിക്കുന്നത്.
തുടക്കത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി സാഹചര്യം മനസിലാക്കി ക്രമേണ കുറച്ചുകൂടി എണ്ണം വര്‍ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യം പഠിച്ചശേഷം വരും ദിവസങ്ങളില്‍ വെര്‍ച്വല്‍ ബുക്കിങ് എണ്‍പതിനായിരമായി ഉയര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.എന്‍. വാസവന് പറഞ്ഞിരുന്നു. ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞാലും പരാതിരഹിതമായ തീര്‍ത്ഥാടനക്കാലം ഒരുക്കി എന്ന് മേനിനടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെയും ഒരു പരിധിവരെ ദോഷമായി ബാധിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രസാദ വില്‍പ്പനയിലും വലിയ കുറവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: