Kerala

മോഷണവും കുളിമുറിയില്‍ ഒളിഞ്ഞുനോട്ടവും പതിവാക്കിയ യുവാവ് പൊന്നാനി പൊലീസിന്റെ പിടിയിലായി

Published by

മലപ്പുറം:നിരവധി മോഷണ കേസുകളിലെ പ്രതിയും ഒപ്പം കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം പതിവായി നടത്തിയും വന്ന ആള്‍ പൊന്നാനി പൊലീസിന്റെ പിടിയിലായി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിന്‍ രാജ് (സീന്‍ രാജ് 34) ആണ് പിടിയിലായത്.

എടപ്പാളിലെ പെരുമ്പറമ്പ് പൊല്‍പാക്കര, പാറപ്പുറം, കാലടി, കാവില്‍പടി മേഖലകളില്‍ രാത്രി മോഷണവും ഒളിഞ്ഞു നോട്ടവുംകഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പതിവായിരുന്നു.വീടുകളുടെ ജനല്‍ തുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ കവരുന്നതും കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും ചെയ്യുന്നത് പതിവായതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ലൈറ്റ് ഓഫ് ചെയ്ത നീല സ്‌കൂട്ടറില്‍ എത്തുന്ന ആളാണ് മോഷ്ടാവെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇതിനിടെ കാവില്‍പടിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണങ്ങള്‍ ജനാല വഴി മോഷ്ടിക്കുകയും മറ്റൊരു വീട്ടില്‍ മോഷണത്തിന് ശ്രമിക്കവെ വീട്ടുകാര്‍ ഉണരുകയും ചെയ്തു. അങ്കലാപ്പിനിടെ സ്‌കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടതിനാല്‍ റിബിന്‍ രാജ്, താന്‍ വന്ന സ്‌കൂട്ടര്‍ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. പിന്നീട് പരിസരത്തെ പ്രകാശ് എന്നയാളുടെ വീട്ടില്‍ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.

ഉപേക്ഷിച്ച നിലയില്‍ കണ്ട സ്‌കൂട്ടറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. മോഷണശേഷം പ്രതി റിബിന്‍ രാജ് ബംഗളൂരുവിലും പഴനിയിലും എറണാകുളത്തെ വിവിധ സ്ഥലങ്ങളിലൂം ഒളിവില്‍ കഴിഞ്ഞു. ഇതു കഴിഞ്ഞ് തൃശൂര്‍ ചാലക്കുടിയില്‍ താമസം തുടങ്ങിയതറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പിന്നീട് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഒളിവില്‍കഴിഞ്ഞ പ്രതി എടപ്പാളില്‍ എത്തി. എടപ്പാള്‍ ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റും മോഷ്ടിച്ചു. മോഷ്ടിച്ച ബൈക്കുകള്‍ പിന്നീട് എടപ്പാള്‍ പരിസരങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അന്വേഷണം ശക്തമായതോടെ പ്രതി പൊന്നാനി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by