പത്തനംതിട്ട: ചികിത്സ ആവശ്യമായി വരുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ സേവന സന്നദ്ധരായി 125 ഡോക്ടര്‍മാരുടെ സംഘം. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ആരോഗ്യ വകുപ്പിന്റെ ഡോക്ടര്‍മാര്‍ക്കൊപ്പമാണ് ഡിവോട്ടീസ് ഡോക്ടേഴ്സ് ഓഫ് ശബരിമലയിലെ അംഗങ്ങളുടെ പ്രവര്‍ത്തനം. സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും പ്രത്യേക അംഗീകാരത്തോടെ ഇവരുടെ സേവനം.
സംഘത്തില്‍ കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരായ ഡോക്ടര്‍മാരാണുള്ളത്. വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് ഇവര്‍ ഒരുമിച്ചത്. പ്രമുഖ ന്യൂറോ സര്‍ജന്‍ ഡോ. ആര്‍. രാമനാരായണന്‍ ആണ് ഈ കൂട്ടായ്മയുടെ അമരക്കാരന്‍. മകരവിളക്ക് വരെ പല സംഘങ്ങളായിട്ടാവും സേവന പ്രവര്‍ത്തനമെന്ന് ഡോ. ആര്‍. രാമനാരായണന്‍ പറഞ്ഞു.
കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, ന്യൂറോ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. നിലവിലുള്ള ആരോഗ്യ വകുപ്പിന്റെ ഡോക്ടര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഏതു അടിയന്തിര ഘട്ടത്തിലും ചികിത്സ ഉറപ്പാക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ സഹിതമാണ് ഇവര്‍ എത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക