പൈറേറ്റ് എന്ന ഇംഗ്ലീഷ് വാക്കിന് നിഘണ്ടു നല്‍കുന്ന അര്‍ത്ഥം, ‘കടല്‍ക്കൊള്ളക്കാരന്‍’ എന്നാണ്. പൈറേറ്റ് നടത്തുന്ന കൊടുംക്രൂരതയെ വിശേഷിപ്പിക്കുന്നതാവട്ടെ, ‘പൈറസി’ എന്ന പേര് വിളിച്ചും. വാള്‍ട്ട് ഡിസ്‌നിയുടെ ”പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍; ദി കഴ്‌സ് ഓഫ് ദ ബ്ലാക്ക് പേള്‍” എന്ന ഹോളിവുഡ് ചിത്രം പുറംകടലില്‍ പണ്ടുകാലത്ത് നടന്ന അത്തരമൊരു പൈറസിയുടെ കഥയാണ് നമുക്ക് മുന്നില്‍ വരച്ചുവച്ചത്. ഒരു പൈറേറ്റ് ശാപത്തിന്റെ ചുരുളഴിയുന്ന സിനിമ…
മൂന്ന് നൂറ്റാണ്ടിനപ്പുറം കരീബിയന്‍ കടലോരങ്ങളില്‍ പോര്‍ട്ട് റോയല്‍ ഗവര്‍ണറുടെ മകള്‍ സുന്ദരിയായ എലിസബത്ത് കലാപകാരികളില്‍നിന്ന് രക്ഷപ്പെടുന്നു. അതിന് നിമിത്തമായത് ‘ബ്ലാക്ക് പേള്‍’ എന്ന നിഗൂഢ യാനം. കപ്പിത്താനായ ഹെക്ടര്‍ ബാര്‍ബോസയും മുന്‍ കപ്പിത്താന്‍ ജാക് സ്പാരോയും കൊല്ലപ്പണിയില്‍ നിപുണനായ വില്‍ടേണറുമൊക്കെച്ചേര്‍ന്ന് കരീബിയന്‍ കടലുകളിലെ പൈറേറ്റുകളെ അനശ്വരരാക്കി. യുദ്ധവും ചതിയും പ്രേമവുമൊക്കെ ആ സിനിമയെ ശ്രദ്ധേയമാക്കി. സ്പാരോയുടെ സൂത്രശാലിത്വവും ടേര്‍ണറുടെ ധൈര്യവും മറക്കാനാവാത്ത ചിത്രങ്ങള്‍ വരച്ചു. തന്റെ മാത്രമായിരുന്ന ‘ബ്ലാക്ക് പേള്‍’ എന്ന കപ്പലുമായി സ്ഥലം വിടുകയാണ് ജാക്ക് സ്പാരോ, കഥാന്ത്യത്തില്‍.
ഈ കഥ ഓര്‍മിപ്പിച്ചത് കടല്‍ക്കൊള്ളക്കാരുടെ കഥയിലേക്ക് കടക്കാനല്ല. മറിച്ച് നദികള്‍ നടത്തുന്ന ‘വെള്ളക്കൊള്ള’യെ പരിചയപ്പെടുത്താനാണ്. നദിയില്‍ മണ്ണിറക്കി സ്ഥലം സ്വന്തമാക്കുന്ന ഏര്‍പ്പാടല്ലിത്. മറിച്ച്, നദികള്‍ മറ്റ് നദികളെ കൊള്ള ചെയ്ത് ജല സമ്പത്ത് കൈക്കലാക്കുന്ന ഏര്‍പ്പാടിനെപ്പറ്റി പറയാനാണ്. നദികള്‍ നടത്തുന്ന ഈ ഏര്‍പ്പാടിനെ ‘റിവര്‍ പൈറസി’ അഥവാ ‘റിവര്‍ കാപ്ച്ചര്‍’ എന്ന് വിളിക്കുന്നു. നദീ മോഷണമെന്നും നമുക്ക് ഭാഷാന്തരീകരണം നടത്താം. പക്ഷേ ഈ മോഷണം നദി സ്വന്തം ഇഷ്ടപ്രകാരം നടത്തുന്നതല്ലെന്നു മാത്രം! ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും ഭൂഗര്‍ഭ ജലവിതാനത്തിലെ മാറ്റി മറിച്ചിലും മുതല്‍ കാലാവസ്ഥാ മാറ്റം വരെ റിവര്‍ പൈറസിക്ക് കാരണമാവാം. മണ്ണൊലിപ്പ്, ഹിമാനികള്‍ അതിവേഗം ഉരുകിയൊലിക്കുന്നത്, നദീതടത്തിന്റെ കിടപ്പില്‍ വരുന്ന ചലനങ്ങള്‍, ഭൂവല്‍ക്കത്തിലെ പ്ലേറ്റുകളുടെ ചലനം തുടങ്ങിയവയൊക്കെ നദീമോഷണത്തിന് ആവേശം പകരുന്ന രാസത്വരഗങ്ങളത്രെ. ഒരു നദീപ്രവാഹത്തെ പരമ്പരാഗത സഞ്ചാരപാതയില്‍നിന്ന് വലിച്ചെടുത്ത് സ്വയം മഹാനദിയായി മാറുന്ന വെള്ളക്കൊള്ളയ്‌ക്ക് ചിലപ്പോള്‍ മാസങ്ങളോളം വേണ്ടിവരും. ചിലപ്പോള്‍ മൂന്നോ നാലോ ദിവസങ്ങളും. ഉദാഹരണത്തിന് നദീപ്രവാഹത്തില്‍ അമിതമായുണ്ടാകുന്ന ജലപ്പെരുപ്പം!
റിവര്‍ പൈറസി ഭൂമിയുടെ സുസ്ഥിര ജൈവ വ്യവസ്ഥയിലും പരിസ്ഥിതിയിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും നദീ മേഖലയുടെ സന്തുലിതാവസ്ഥ പോലും തകര്‍ക്കാന്‍ ഇടയാക്കുന്നു. പ്രാദേശിക ജൈവ വ്യവസ്ഥയുടെ താളം തെറ്റും. ജലചക്രം കീഴ്‌മേല്‍ മറിയും. വിളഭൂമിയില്‍ കൃഷി അസാധ്യമാവുന്നതോടെ കൃഷിക്കാര്‍ പട്ടിണിയിലാവും. കൃഷി ഭൂമികള്‍ വരണ്ടുണങ്ങും. കന്നുകാലി വളര്‍ത്തല്‍ അസാധ്യമാവും. മത്സ്യബന്ധനം പാടെ നിലയ്‌ക്കും. നദിയില്‍ ചെളി നിറഞ്ഞ് ആഴം കുറയുന്നത് മറ്റൊരു പ്രശ്‌നം. അവികസിത ഗ്രാമീണ സമൂഹങ്ങളില്‍ ഭൂമിയുടെ അവകാശത്തിനും മേച്ചില്‍പ്പുറങ്ങളുടെ കൈവശത്തിനും വേണ്ടിയുള്ള ഉഗ്രസംഘട്ടനങ്ങള്‍ക്കും റിവര്‍ പൈറസി വഴിയൊരുക്കുന്നു.
ഇത്തരത്തിലുള്ള നദീ മോഷണത്തിന്റെ ഏറ്റവുമൊടുവിലത്തെ അധ്യായമാണ് ‘കൊളറാഡോ’ നദിയില്‍ അരങ്ങേറിയത്. അമേരിക്കയിലെ റോക്കി പര്‍വതത്തില്‍ നിന്നുത്ഭവിച്ച് ഗള്‍ഫ് ഓഫ് കാലിഫോര്‍ണിയയില്‍ ഒഴുകി മറയുന്ന കൊളറാഡോ നദിയാണ് മോഷണക്കേസിലെ പ്രതി. ന്യൂമെക് സിക്കോയില്‍ തുടങ്ങി അരിസോണയിലൂടെ ഒഴുകുന്ന ‘ഗിലാ’നദിയെയാണ് കൊളറാഡോ നദി തട്ടിയെടുത്ത് സ്വന്തം ശാഖാ നദിയാക്കി മാറ്റിയത്. ഇവിടെ കൊളറാഡോ നദി പക്ഷേ നിരപരാധിയാണ്. ഭൂമിശാസ്ത്രപരമായി സംഭവിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അവളെ വെറുമൊരു മോഷ്ടാവാക്കി മാറ്റിയെന്നു മാത്രം.
കാലാവസ്ഥാ മാറ്റവും തുടര്‍ന്നു സംഭവിക്കുന്ന ആഗോളതാപനത്തിലെ വര്‍ധനവുമാണ് 2017 ല്‍ കാനഡയിലെ ഏറ്റവും വലിയ ഹിമാനികളിലൊന്നായ കസ്‌കവുള്‍ഷിനെ ഉരുക്കിയത്. മഞ്ഞുപാളിയിലെ വെള്ളം ഉരുകി ഒലിച്ച് മഹാപ്രവാഹമായി മാറിയപ്പോള്‍ സംഭവിച്ചത് റിവര്‍ പൈറസി. കസ്‌കവുള്‍ഷ് നദി സ്ലിംസ് നദിയെ തട്ടിയെടുത്തതായിരുന്നു ആ മഞ്ഞുരുകലിന്റെ ഫലം. നേരത്തെ ഹിമാനിയില്‍ നിന്നുള്ള ജലത്തില്‍ ഭൂരിഭാഗവും സ്ലിംസ് നദിയിലൂടെ ഒഴുകി ബെറിങ് കടലില്‍ എത്തുകയായിരുന്നെങ്കില്‍ 2016 ല്‍ കസ്‌ക വുള്‍ഷ് നദി സ്ലിംസ് നദിയെ തട്ടിയെടുത്ത് റിവര്‍ പൈറസി നടത്തുകയായിരുന്നു. ആമസോണ്‍ നദി മേഖലയിലെ ‘റിയോ പുരുസ്’, ‘റിയോ മഡിര’ തുടങ്ങിയ നദികളും റിവര്‍ പൈറസിയിലെ തൊണ്ടി മുതലുകളായി മാറി. ആഫ്രിക്കയില്‍ സാംബസി പോലുള്ള മഹാനദികള്‍ പന്‍ഗാനി തുടങ്ങിയ പല ചെറുനദികളെയും അപഹരിച്ചു. ഡെക്കാന്‍ പീഠഭൂമിയില്‍ ഒഴുകുന്ന ഗോദാവരിയുടെ മഹാപ്രവാഹത്തില്‍ ‘കൃഷ്ണ’കൈവച്ചതും ബ്രഹ്മപുത്രയുടെ കൈവഴി ‘ലോഹിത്’ ചെറുനദികളെ വിഴുങ്ങാനൊരുങ്ങിയതും ‘അഗര്‍’ നദി പ്രവാഹത്തില്‍ ‘യമുന’ കണ്ണുവച്ചതുമൊക്കെ റിവര്‍ പൈറസിയുടെ ചെറുമാതൃകകളത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക