ബറേലി : ഉത്തർപ്രദേശിലെ ദിബ്‌നാപൂർ റെയിൽവേ സ്‌റ്റേഷനു സമീപം പാളത്തിൽ ഇരുമ്പ് കഷണങ്ങളും സിമൻ്റ് പോസ്റ്റുകളും കണ്ടതിനെ തുടർന്ന് ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചവിട്ടിയതിനാൽ വൻ അപകടം ഒഴിവായി. വെള്ളിയാഴ്ച രാത്രി ഹാഫിസ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് മുകേഷ് ചന്ദ്ര മിശ്ര പറഞ്ഞു.
പിലിഭിത്തിൽ നിന്നുള്ള ഗുഡ്‌സ് ട്രെയിൻ ബറേലിയിലേക്ക് പോകുമ്പോൾ ട്രാക്കിലെ തടസ്സം ഡ്രൈവർ ശ്രദ്ധിക്കുകയായിരുന്നു. ഉടൻ തന്നെ വേഗത്തിൽ അദ്ദേഹം എമർജൻസി ബ്രേക്ക് അമർത്തി ട്രെയിൻ പാളം തെറ്റുന്നത് തടഞ്ഞുവെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
എന്നിരുന്നാലും വസ്തുക്കളുമായിട്ടുള്ള ചെറിയ കൂട്ടിയിടിയുടെ ആഘാതം ട്രെയിനിന്റെ എഞ്ചിന് നിസാര കേടുപാടുകൾ വരുത്തി. പക്ഷേ ഇത് കൂടുതൽ അപകടത്തിലേക്ക് നയിച്ചില്ലെന്നും സിംഗ് പറഞ്ഞു.
സംഭവത്തെത്തുടർന്ന് റെയിൽവേ, പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. സിമൻ്റ് ബഞ്ചിന്റെയും 1.25 മീറ്റർ നീളമുള്ള ഇരുമ്പ് കഷണങ്ങളും തകർന്ന പോസ്റ്റുകളും അക്രമികൾ ട്രാക്കിൽ ഇട്ട നിലയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചില്ലായിരുന്നുവെങ്കിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി കാര്യമായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമാകുമായിരുന്നു. പോലീസും റെയിൽവേ അധികൃതരും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് എസ്പി മിശ്ര പറഞ്ഞു.
തുടർന്ന് ഗുഡ്‌സ് ട്രെയിൻ യാത്ര തുടരാൻ അനുവദിക്കുന്നതിന് മുമ്പ് റെയിൽവേ ട്രാക്കുകളിൽ സമഗ്രമായ പരിശോധന നടത്തി കൂടുതൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: