റായ്പൂര്‍ (ഛത്തിസ്ഗഡ്): രാജ്യത്ത് മാവോയിസ്റ്റ് ഭീകരരുടെ ഏറ്റവും വലിയ താവളമായിരുന്ന ബസ്തര്‍ വനമേഖല പൂര്‍ണമായും മാവോയിസ്റ്റ് വിമുക്തമാകുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ സൈനിക നടപടികളുടെ ഫലമായി മാവോയിസ്റ്റ് ഗ്രൂപ്പുകളിലുണ്ടായ ഭിന്നതയും കൂട്ടക്കീഴടങ്ങലുകളുമാണ് പ്രദേശത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരുന്നത്.
ഒക്ടോബര്‍ നാലിന് അബുജാമറിലെ നിബിഡ വനമേഖലയില്‍ ഒമ്പത് മണിക്കൂര്‍ ഏറ്റുമുട്ടലില്‍ സൈന്യം 38 ഭീകരരെയാണ് ഇല്ലാതാക്കിയത്. 25 കിലോമീറ്റര്‍ വനത്തിലുള്ളിലേക്ക് നടന്നുകയറിയാണ് സൈന്യം ഈ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. ബസ്തറില്‍ സമീപകാലത്ത് നടന്ന ഏറ്റവും കടുത്ത സൈനിക നടപടിയില്‍ മാവോയിസ്റ്റുകള്‍ ചിതറിപ്പോയി. ഏപ്രില്‍ 16ന് കാങ്കറില്‍ നേതാക്കളടക്കം 29 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന്റെ ആഘാതം മാറുംമുമ്പാണ് അബിജാമറിലെ നടപടി. വനമേഖലയില്‍ മാവോയിസ്റ്റുകളുടെ മുഴുവന്‍ നെറ്റ്‌വര്‍ക്കും ആശയവിനിമയ സംവിധാനങ്ങളും സൈന്യം തകര്‍ത്തു.
സുരക്ഷാ സേനയുടെ ശക്തമായ സമ്മര്‍ദം മാവോയിസ്റ്റ് ഭീകരര്‍ക്കിടയില്‍ കൂട്ടക്കീഴടങ്ങലിന്റെ അന്തരീക്ഷം ഉണ്ടാക്കി. മെയ് മാസത്തില്‍, ബിജാപൂരില്‍ 33 മാവോയിസ്റ്റുകള്‍ കീഴടങ്ങി.
തുടര്‍ന്നുള്ള മാസങ്ങളിലും ആഭ്യന്തര സംഘട്ടനങ്ങളില്‍ പൊറുതിമുട്ടി നിരവധി മാവോയിസ്റ്റുകള്‍ ആയുധം താഴെവച്ചു. ഇതോടെ ദണ്ഡകാരണ്യ സ്‌പെഷല്‍ സോണല്‍ കമ്മിറ്റി ഏരിയയില്‍ മാവോയിസ്റ്റുകള്‍ക്ക് വലിയ നഷ്ടമാണുണ്ടായതെന്ന് ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദര്‍രാജ് പറഞ്ഞു.
മാവോയിസ്റ്റ് ഭീകരര്‍ ഭീഷണിപ്പെടുത്തിയും അല്ലാതെയും സുരക്ഷിത കവചമായി ഉപയോഗിച്ചിരുന്ന വനവാസി സമൂഹത്തെ മുഖ്യധാരയിലേക്കെത്തിച്ച വികസന സംരംഭങ്ങളും ബസ്തറിന്റെ മുന്നേറ്റത്തത്തിന് കാരണമായി. അസംതൃപ്തികള്‍ പരിഹരിക്കാനും സാമൂഹിക-സാമ്പത്തിക പരാതികള്‍ ഇല്ലാതാക്കി അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ കൂടുതല്‍ സൗകര്യമൊരുക്കാനും ഛത്തിസ്ഗഡ് സര്‍ക്കാര്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്ത നടപടികള്‍ ഫലം കണ്ടു. സുരക്ഷാ സേനയില്‍ സാധാരണ ജനങ്ങള്‍ക്ക് വിശ്വാസം ഉറപ്പിക്കുന്നതിനും രഹസ്യാന്വേഷണ സംവിധാനം ശക്തമാക്കുന്നതിനുമായി കമ്മ്യൂണിറ്റി പോലീസിങ്ങും ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍ നടപ്പാക്കിയതും പ്രയോജനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: