Kerala

ഇനി ക്ലാസെടുക്കാന്‍ എഐ ടീച്ചറും

Published by

ആലപ്പുഴ: അദ്ധ്യാപകരുടെ കുറവ് ഇനി സ്‌കൂളുകള്‍ക്ക് പ്രശ്‌നമാകില്ല. മലപ്പുറം കക്കോവ് പിഎംഎസ് എപിടി എച്ച്എസ്എസ് വിദ്യാര്‍ത്ഥികളായ ആഗ്നേയും അസീഫും വികസിപ്പിച്ചെടുത്ത എഐ ടീച്ചര്‍ സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ കണ്ടുപിടുത്തമാണ് കുട്ടിശാസ്ത്രജ്ഞര്‍ മേളയില്‍ അവതരിപ്പിച്ചത്.

ഏത് വിഷയം കൊടുത്താലും ഏത് ഭാഷയില്‍ വേണമെങ്കിലും എ ഐ ടീച്ചര്‍ ക്ലാസെടുക്കും. ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സ് ഉപയോഗിച്ചാണ് എഐ ടീച്ചര്‍ക്ക് ക്ലാസെടുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ക്ലാസിലെത്താതെ തന്നെ അദ്ധ്യാപകര്‍ക്കും എഎ ടീച്ചറെ ഉപയോഗിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കാമെന്ന പ്രത്യേകതയുമുണ്ട്. അദ്ധ്യാപകര്‍ ക്യു ആര്‍ കോഡ് വഴി എഐ അദ്ധ്യാപികയെ സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്ത് ക്ലാസെടുക്കാനും കഴിയും. അദ്ധ്യാപകര്‍ക്ക് എഐ ടീച്ചറുടെ അഡ്മിന്‍ ആക്‌സസ് ലഭിക്കാനും എഐ ടിച്ചറെ ചലിപ്പിക്കാനും കുട്ടികള്‍ എപ്പോഴെല്ലാം എഐ ടീച്ചറെ ഉപയോഗപ്പെടുത്തിയെന്നുള്ള വിവരവും റോബട്ടിലെ എഡ്യു കണക്ടിലൂടെ അറിയാം.

കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിച്ച് സംശയങ്ങള്‍ ദൂരീകരിക്കാനും സൗകര്യമുണ്ട്. ഹെയ് ടീച്ചര്‍ എന്ന് അഭിസംബോധന ചെയ്ത് ചോദ്യങ്ങള്‍ അവതരിപ്പിച്ചാല്‍ എഐ സഹായത്തോടെ കൃത്യമായ മറുപടി ഈ ടീച്ചര്‍ നല്‍കും. എഐ ടീച്ചറെ മേളയില്‍ അവതരിപ്പിച്ച ആഗ്നേയും അസീഫും സഹപാഠികളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by