Categories: News

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം പ്രകൃതി ആരാധനയുടെ യഥാര്‍ത്ഥ മാതൃക: ജസ്റ്റിസ് അരുണ്‍

Published by

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്കുത്സവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് ക്ഷേത്രത്തില്‍ നടന്ന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുണ്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം പ്രകൃതി ആരാധനയുടെ യഥാര്‍ത്ഥ മാതൃകയാണെന്നും സര്‍വ്വ ജീവജാലങ്ങള്‍ക്കും സംരക്ഷണമേകുന്ന പുണ്യസന്നിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. അതിന് ഉദാഹരണമാണ് ക്ഷേത്ര പടനിലത്തെ അഗതി മന്ദിരങ്ങളും ആശുപത്രിയും നന്ദികേശാലയവും നക്ഷത്രവനവും ഭജനമഠവുമെല്ലാം. ഭരണഘടനയുടെ പ്രധാന തത്വങ്ങളായ സ്വാതന്ത്യം സമത്വം സാഹോദര്യം എന്നിവയ്‌ക്ക് മൂല്യച്യുതി നേരിടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഇവയെല്ലാം സമന്വയിക്കുന്ന കേന്ദ്രമായി ഓച്ചിറ പടനിലം മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തി.

ക്ഷേത്രഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥന്‍, പ്രസിഡന്റ് ജി. സത്യന്‍, ട്രഷറര്‍ പ്രകാശന്‍ വലിയഴീക്കല്‍, രക്ഷാധികാരി എം.സി. അനില്‍കുമാര്‍, ദര്‍ശന, അഡ്വ. #േവി. ബോബന്‍, കെ.പി. ചന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബി.എസ്. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഉത്സവത്തിനു മാറ്റുകൂട്ടാന്‍ കാര്‍ഷിക-വാണിജ്യ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പടനിലവും പരിസരപ്രദേശങ്ങളും ഭക്തരെയും വ്യാപാരികളെയും കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
ഭജനം പാര്‍ക്കാനെത്തിയ ഭക്തര്‍ പുലര്‍ച്ചെ ക്ഷേത്രക്കുളത്തില്‍ കുളിച്ച് ചെളികളഭം ചാര്‍ത്തി പരബ്രഹ്മത്തെ വണങ്ങി അനുവാദം വാങ്ങിയശേഷം കുടിലുകളില്‍ ദീപം തെളിച്ച് ഭജനം പാര്‍ക്കല്‍ ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക