ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത വർഷം തന്നെ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ പത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളാകും സർവീസ് നടത്തുക. 2025 അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലെത്തുമെന്നാണ് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നത്. 800 മുതൽ 1,200 കിലോമീറ്റർ വരെയുള്ള യാത്രകൾക്കാണ് സ്ലീപ്പർ ട്രെയിൻ പരിഗണിക്കുന്നത്.
2025ൽ തന്നെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. രണ്ട് മാസത്തെ പരീക്ഷണയോട്ടത്തിന് ശേഷമാകും വാണിജ്യ സേവനങ്ങൾക്കായി നൽകുകയെന്ന് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ജനറൽ മാനേജർ യു സുബ്ബ റാവു പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിൻ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് എന്നറിയപ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ ആണ് നിർമിച്ചിരിക്കുന്നത്. അടുത്തിടെയാണ് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ ആധുനിക കമ്പാർട്‌മെന്റുകളുടെ ചിത്രവും ദൃശ്യങ്ങളും റെയിൽവേ പുറത്ത് വിട്ടത്.
യൂറോപ്യൻ മോഡലിനെ അനുസ്മരിപ്പിക്കുന്ന മോഡലുകൾ മികച്ച അഭിപ്രായമാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാൻ കവച് സംവിധാനം, ഡ്രൈവർ കാബിനിലേക്കുള്ള എമർജൻസി ടോക്ക് ബാക്ക് യൂണിറ്റ് തുടങ്ങിയ സൗകര്യങ്ഹളും ഇതിലുണ്ട്. ബയോ വാക്വം ടോയ്ലറ്റുകൾ, ചൂടുവെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം, സിസിടിവി, പാസഞ്ചർ അനൗൺസ്‌മെന്റ് സംവിധാനം എന്നിവ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ പ്രത്യേകതകളാണ്.
11 ത്രീ ടയർ എസി കോച്ചുകൾ, 4 ടു ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെ മൊത്തം 823 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. പത്ത് ട്രെയിനുകൾ അടുത്ത വർഷം പുറത്തിറക്കുമെന്ന പ്രഖ്യാപനം വരുമ്പോൾ ഒരെണ്ണം സംസ്ഥാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷിയിലാണ് കേരളം. വന്ദേഭാരത് ചെയർ കാറുകൾ വൻ ഹിറ്റായതാണ് കേരളത്തിന് പ്രതീക്ഷ നൽകുന്ന ഘടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക