മഞ്ചേരി: പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ വ്യക്തിപ്രഭാവവും പാര്‍ട്ടിയുടെ ചിട്ടയായ പ്രവര്‍ത്തനവും കാണുമ്പോള്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. മഞ്ചേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷ്ണകുമാര്‍ എല്ലാ വീട്ടുകാരെയും വ്യക്തിപരമായി കാണുന്നുണ്ട്. മുസ്ലിം കുടുംബങ്ങളില്‍ ഉള്‍പ്പടെ കൃഷ്ണകുമാര്‍ എത്തിയിട്ടുണ്ട്. പാലക്കാട്ടെ കോണ്‍ഗ്രസില്‍ വിഭാഗീയതയുണ്ട്. കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് ദുര്‍ബലമാണ്. നേതാക്കന്മാര്‍ വരുമ്പോള്‍ ഉള്ള പ്രകടനം മാത്രമാണ് നടക്കുന്നത്. സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോകും. പി. സരിനും ഭാര്യയും വിശ്വസ്തരും ഉള്‍പ്പെടെ ബിജെപിക്ക് വോട്ട് ചെയ്യാനാണ് സാധ്യത, അന്‍വര്‍ വ്യക്തമാക്കി.
ഇ.പി. ജയരാജനെ പുറത്താക്കാനാണ് സിപിഎമ്മിന്റെ നീക്കം. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഡിസി ബുക്‌സ് മിണ്ടാത്തത് പേടിച്ചിട്ടാണ്. ഓര്‍ഗനൈസ്ഡ് ക്രൈം ആണ് ഇപിയുടെ പുസ്തക വിവാദം. പി. ശശിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് ഇതിന് പിന്നില്‍. എല്ലാം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. പേടിച്ചിട്ടാണ് ഡിസി ബുക്‌സ് വാ തുറക്കാത്തത്. പി. ശശി ഡിസി ബുക്‌സിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ ശേഷിയുള്ള മന്ത്രിമാര്‍ ആരും സഭയിലില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക