ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൈജീരിയന്‍ തലസ്ഥാനമായ അബുജയില്‍ ആചാരപരമായ വരവേല്പ്. പതിനേഴ് കൊല്ലത്തിന് ശേഷം നൈജീരിയ സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് മോദി. പ്രധാനമന്ത്രിക്ക് സ്വാഗതവുമായി നൈജീരിയയിലെ ഭാരത സമൂഹവും എത്തി. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളിലായി അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്നലെ തുടക്കമായത്. പശ്ചിമാഫ്രിക്കന്‍ മേഖലയിലെ സുഹൃദ് രാജ്യമായ നൈജീരിയയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിതെന്ന് പുറപ്പെടും മുമ്പ് ചെയ്ത പ്രസ്താവനയില്‍ മോദി പറഞ്ഞു. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 18 മുതല്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കും. നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കൂടിക്കാഴ്ചകള്‍ക്കും ഉച്ചകോടി വേദിയൊരുക്കും.
പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലിയുടെ ക്ഷണപ്രകാരമാണ് ഗയാന സന്ദര്‍ശിക്കുന്നത്. 50 വര്‍ഷത്തിനിടെയുള്ള ഒരു ഭാരത പ്രധാനമന്ത്രിയുടെ ആദ്യ ഗയാന സന്ദര്‍ശനമാണിത്. ഗയാന പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമെന്നും 185 വര്‍ഷം മുമ്പ് ഗയാനയിലേക്ക് കുടിയേറിയ ഭാരത സമൂഹത്തിന് ആദരവ് അര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 19ന് ഗയാനയില്‍ നടക്കുന്ന രണ്ടാം ഭാരത-കാരികോം ഉച്ചകോടിയില്‍ കരീബിയന്‍ പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പം പങ്കെടുക്കും. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഒരുമിച്ചു നിന്ന കൂട്ടായ്മയാണത്. ചരിത്രപരമായ ബന്ധങ്ങള്‍ പുതുക്കാനും പുതിയ മേഖലകളിലേക്ക് സഹകരണം വിപുലീകരിക്കാനും ഉച്ചകോടി സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കരീബിയന്‍ രാജ്യമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ പുരസ്‌ക്കാരം ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നടക്കുന്ന ചടങ്ങില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വനി ബര്‍ട്ടണ്‍ മോദിക്ക് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക