Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗമെന്ന കരുതുന്ന ആള്‍ പിടിയില്‍, ആലപ്പുഴയിലെ മോഷണക്കേസ് പ്രതി ?

Published by

എറണാകുളം: കുറുവ സംഘാംഗമെന്ന കരുതുന്ന, പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം രക്ഷപ്പെട്ടോടിയ തമിഴ്‌നാട് സ്വദേശി സന്തോഷ് സെല്‍വത്തെ ഏറെ ആയാസപ്പെട്ട് വീണ്ടും പിടികൂടി. കുണ്ടന്നൂരിലാണ് സംഭവം.

ആലപ്പുഴ മണ്ണാഞ്ചേരി പ്രദേശത്തെ തുടര്‍ച്ചയായുളള മോഷണത്തെ തുടര്‍ന്നാണ് ആലപ്പുഴ പൊലീസ് പ്രതികളെ അന്വേഷിച്ച് കുണ്ടന്നൂരിലെത്തിയത്. കുണ്ടന്നൂര്‍ പാലത്തിന് താഴെ താമസിച്ചിരുന്ന നാടോടികളുടെ കൂടാരങ്ങളിലേക്ക് എത്തിയാണ് സന്തോഷിനെയും മണികണ്ഠനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് മത്സ്യബന്ധനം നടത്തി കഴിഞ്ഞിരുന്ന നാടോടികള്‍ക്കൊപ്പം കഴിയുകയായിരുന്നു മോഷ്ടാക്കള്‍. കായലില്‍ മത്സ്യബന്ധനം നടത്തുകയും ഒപ്പം മോഷണം നടത്തി വരികയുമായിരുന്നു ഇവരെന്നാണ് വിവരം.

സന്തോഷ് സെല്‍വത്തെ പിടികൂടി ജീപ്പില്‍ കയറ്റിയപ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം പൊലീസിനെ ആക്രമിക്കുകയും ഈ തക്കത്തിന് സന്തോഷ് സെല്‍വം കൈവിലങ്ങുണ്ടായിരുന്നെങ്കിലും ഓടിരക്ഷപ്പെടുകയുമായിരുന്നു. നഗ്നനായാണ് ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന അഗ്നിശമന സേനയും അമ്പതില്‍ പരം പൊലീസുകാരും നാല് മണിക്കൂറോളം കുണ്ടന്നൂരിലെ ചതുപ്പ് പ്രദേശത്ത് ഇരുട്ടില്‍ തെരഞ്ഞാണ് സന്തോഷ് സെല്‍വത്തെ വീണ്ടും പിടികൂടിയത്.

പിന്നീട് പൊലീസിന്റെ പിടിയില്‍ നിന്ന് സന്തോഷ് സെല്‍വത്തെ രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെ മരട് പൊലീസ് ക്‌സറ്റഡിയിലെടുത്തു.

ശനിയാഴ്ച ഉച്ചയോടെയാണ് പ്രതികളെ പറ്റി ആലപ്പുഴ പൊലീസിന് സൂചന ലഭിച്ചത്. രാത്രി 7:40 ഓടെയാണ് കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴയിലെ മോഷണങ്ങള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടിലെ കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ഇപ്പോള്‍ പിടിയിലായവര്‍ കുറുവ സംഘാംഗങ്ങളാണോ എന്ന് സ്ഥരീകരിച്ചിട്ടില്ല

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by