Kerala

കുറുവ സംഘാംഗം പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

Published by

ആലപ്പുഴ: കുറുവ മോഷണ സംഘാംഗം പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശി സന്തോഷ് സെല്‍വമാണ് കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടത്.

സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരവെ കുറുവ സംഘം പൊലീസിനെ ആക്രമിക്കുകയും ഈ തക്കത്തിന് ഇയാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് സൂചന. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘമാണ് പൊലീസിനെ ആക്രമിച്ചത്.

എറണാകുളം കുണ്ടന്നൂരില്‍വച്ച് നഗ്‌നനായാണ് സന്തോഷ് രക്ഷപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി കൊണ്ടുവരവെയാണ് ചാടിപ്പോയത്. സംഘത്തിലെ രണ്ടുപേരെ പൊലീസ് കീഴ്‌പ്പെടുത്തി. സന്തോഷിനായി തിരച്ചില്‍ നടത്തുകയാണ്.

ആലപ്പുഴയില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

അതിനിടെ,പറവൂരില്‍ കുറുവാ സംഘം എത്തിയെന്ന സംശയത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ റൂറല്‍ എസ്പി പത്ത് അംഗ സ്‌ക്വാഡ് രൂപീകരിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ച ചേന്ദമംഗലത്തെ കരിമ്പാടം, കുമാരമംഗലം പ്രദേശങ്ങളിലാണ് മോഷണ ശ്രമം നടന്നത്. മൂന്ന്, നാല് വീടുകളില്‍ മോഷ്ടാക്കള്‍ എത്തി. വാതിലില്‍ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.

രണ്ടു പേര്‍ വീതമുള്ള സംഘമാണ് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഏതാണ്ട് ഒരേ സമയമായിരുന്നു പല വീടുകളും ഇവരുടെ സാന്നിദ്ധ്യമെന്നാണ് പറയുന്നത്.മുഖം മൂടി ധരിച്ചു കൈയില്‍ ആയുധങ്ങളുമായി എത്തി വീടുകളുടെ പിന്നിലെ വാതിലുകള്‍ തുറക്കാനാണ് ശ്രമിച്ചത്. ഒരിടത്തു നിന്നും സാധനങ്ങള്‍ മോഷണം പോയിട്ടില്ല. ഒരു വീട്ടില്‍ കമ്പിപ്പാര ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by