തൊടുപുഴ: പട്ടികവര്‍ഗ ജനതയുടെ വികസനം ലക്ഷ്യമിട്ടുള്ള ധര്‍ത്തി ആഭാ ജനജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍ പദ്ധതി കേരളത്തില്‍ ഇടുക്കി,വയനാട്, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നടപ്പാക്കും. 89 പട്ടികവര്‍ഗ ഗ്രാമങ്ങള്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുത്തിട്ടുണ്ട് .അടിസ്ഥാനസൗകര്യങ്ങള്‍, ആരോഗ്യം,വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം എന്നിങ്ങനെ നാല് മേഖലകളിലായി പട്ടിക വര്‍ഗ ജനതയുടെ സമഗ്രവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. പിന്തുണാ സേവനങ്ങളും, നിലവിലെ പദ്ധതികളിലെ വിടവുകള്‍ കണ്ടെത്തി പ്രശ്‌നപരിഹാരം കാണലും ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സുപ്രധാന സേവനങ്ങള്‍ ഏറ്റവും വിദൂര ഗോത്ര മേഖലകളിലേയ്‌ക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സംയോജിത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, 17 കാര്യനിര്‍വ്വഹണ മന്ത്രാലയങ്ങളുടെ ഒത്തുചേരല്‍, 25 വ്യത്യസ്ത മേഖലകളിലുള്ള ഇടപെടലുകളിലൂടെയുള്ള ഗോത്ര ശാക്തീകരണം എന്നിവയും മാര്‍ഗ്ഗരേഖയിലുണ്ട്.
കുമളി മന്നാന്‍ നഗര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ ബീഹാറില്‍ നടന്ന ദേശീയ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഓണ്‍ലൈനായി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. കേന്ദ്രസഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ മുഖ്യാതിഥിയായി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ 75-മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യസമര സേനാനി ബിര്‍സാ മുണ്ടെയുടെ അനുസ്മരണവും പരിപാടിയോടനുബന്ധിച്ച് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക