കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഏറെ വേദനാജനകമായിപ്പോയി. ഇസ്രായേലില്‍ നിന്നുള്ളവരാണ് എന്നതിന്റെ പേരില്‍ ഏതാനും സഞ്ചാരികളെ, കടയില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ടത് ഭാരതീയ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതായില്ല. കടയുടമ കശ്മീരി മുസ്ലിം ആണെന്നത്, പ്രശ്‌നത്തിന് മറ്റൊരു മാനം നല്‍കുകയും ചെയ്യും. ഈ സംഭവം രാജ്യത്തിനും സംസ്ഥാനത്തിനും, പ്രത്യേകിച്ച് വിനോദ സഞ്ചാര മേഖലയില്‍, ഉണ്ടാക്കുന്ന നാണക്കേട് വലുതാണ്. രാഷ്‌ട്രത്തിന്റെ പ്രതിച്ഛായ ഇടിച്ചുതാഴ്‌ത്താന്‍ തത്പര്യ കക്ഷികള്‍ രാജ്യാന്തര തലത്തില്‍ ഇത് ഉപയോഗിച്ചെന്നു വരും. മറ്റുള്ളവരുടെ ഇടപെടല്‍കൊണ്ടാണെങ്കിലും കട ഉടമകള്‍ പിന്നീട് മാപ്പു പറഞ്ഞത് നല്ലകാര്യം. പക്ഷെ, അതുകൊണ്ട് തീരുന്നതല്ലല്ലോ ഉണ്ടായ മാനക്കേട്.
അതിനേക്കാളേറെ വലുതാണ് രാഷ്‌ട്രം എന്ന നിലയില്‍ ഭാരതത്തിന്റെ കെട്ടുറപ്പിന്, ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്ന ക്ഷീണം.
ഇസ്ലാമിക രാഷ്‌ട്രങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം മോശമാണെന്നത് ഭാരതത്തേയും ഭാരതീയരേയും ബാധിക്കേണ്ട കാര്യമില്ല. ഏതു മത വിശ്വാസിയായാലും നമ്മള്‍ ഭാരതീയരാണ്. വരുന്നവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടാലും അവര്‍ നമുക്ക് അതിഥിയാണ്. അതാണ് നമ്മുടെ ആതിഥ്യ മര്യാദ. സനാതന ധര്‍മം പഠിപ്പിക്കുന്നതും അതാണ്. എല്ലാ രാജ്യക്കാരെയും മതവിഭാഗക്കാരെയും ഒരേപോലെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യാന്‍ പഠിപ്പിക്കുന്ന സംസ്‌കാരമാണത്. ജാതി- മത വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും നമ്മള്‍ ഭാരതീയരാകുന്നത് ഈ സംസ്‌കാരം പിന്‍തുടരുമ്പോഴാണ്.
സഞ്ചാരികളെ കടയിലേക്ക് ക്ഷണിച്ചു സ്വീകരിച്ച ശേഷം അവരുടെ സംസാരഭാഷ ശ്രദ്ധിച്ച് മതവും രാജ്യവും തിരിച്ചറിഞ്ഞാണ് അപമാനിച്ചതും ഇറക്കി വിട്ടതും. ഈ ശൈലി എല്ലാവരും തുടര്‍ന്നാല്‍, വൈവിധ്യങ്ങളുടെ നാടായ ഭാരതത്തിന്റെ ഭാവി എന്താകും? അത് സംഭവിക്കുന്നില്ല എന്നിടത്താണ് സഹിഷ്ണുത പ്രസക്തമാകുന്നത്. ആ സഹിഷ്ണുതയാണ് ഭാരതീയതയുടെ അടിക്കല്ല്. പക്ഷെ, അത് ചില വിഭാഗങ്ങളുടെ മാത്രം ചുമതലയായി മാറിക്കൂടാ.
ചിലര്‍ക്ക് മാത്രം നിയമവും നിയന്ത്രണവും ബാധകമല്ല എന്ന നിലയും വന്നുകൂടാ. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നവര്‍ വര്‍ഗീയവാദികള്‍ ആക്കപ്പെടുന്നതും ശരിയല്ല. ജാതി-മത ചിന്തകള്‍ക്ക് മേലെ, ഭാരതമെന്ന ചിന്ത ഉയര്‍ന്നു നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. അവിടെയാണ്, ‘ആദ്യം രാഷ്‌ട്രം’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളുടെ പ്രസക്തി.
ഈ അടിക്കല്ല് തന്നെയാണ് മത സൗഹാര്‍ദത്തിന്റെയും സര്‍വമത സമഭാവനയുടെയും സാമൂഹ്യ സമരസതയുടെയും ആണിക്കല്ല്. അത് സംരക്ഷിക്കേണ്ടതും ഉറപ്പിച്ചു നിര്‍ത്തേണ്ടതും സര്‍ക്കാരും നിയമ സംവിധാനവുമാണ്. തേക്കടി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നിസ്സംഗ നിലപാട് അതുകൊണ്ട് തന്നെ അക്ഷന്തവ്യവുമാണ്. ഇത്തരം കാര്യങ്ങളില്‍ കര്‍ശന നടപടി എടുക്കാന്‍, പ്രീണന നയം ഒരുതരത്തിലും തടസമാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക