മങ്കട ; കരിമലയിൽ ടാപ്പിങ് തൊഴിലാളി പുലിയെ കണ്ട സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിച്ചു. കാൽപാടുകളും മറ്റും പരിശോധിച്ചതിൽ കണ്ടതു പുലിയെ തന്നെയാകാനാണു സാധ്യതയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കരുവാരകുണ്ട് ഫോറസ്റ്റ് ഓഫിസർ അരുൺ ദേവും സംഘവുമാണു സംഭവസ്ഥലം സന്ദർശിച്ചത്.
തിങ്കളാഴ്ച രാവിലെയാണു റബർ ടാപ്പിങ്ങിനിടെ തൊഴിലാളിയായ വലമ്പൂർ സ്വദേശി കലമ്പറമ്പിൽ സൈനുദ്ദീൻ പുലിയെ കണ്ടത്.
ജനങ്ങൾ ഭീതി പുലർത്തേണ്ട കാര്യമില്ലെന്നും ഏകദേശം രണ്ടു വർഷമായി പുലിയെ മുള്യാകുർശി, വലമ്പൂർ ഭാഗങ്ങളിൽ കണ്ടുവരുന്നതായും പുലി പൂർണ ആരോഗ്യവാനാണ് എന്നതിനാൽ മനുഷ്യനെ ആക്രമിക്കാൻ സാധ്യത കുറവാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ടാപ്പിങ് തൊഴിലാളികൾ ടോർച്ചും പുലിയെ വിരട്ടി ഓടിക്കുന്നതിനു പടക്കവും കയ്യിൽ കരുതുന്നതു നന്നാവുമെന്ന് അധികൃതർ പറഞ്ഞു.
പ്രദേശത്തു ക്യാമറ സ്ഥാപിക്കുന്നതിനും ക്യാമറയിൽ പുലിയുടെ സാന്നിധ്യം തെളിയുകയാണെങ്കിൽ തുടർന്നു പുലിയെ പിടികൂടുന്നതിന് കെണി സ്ഥാപിക്കുന്നതിനും ജില്ലാ ഫോറസ്റ്റ് ഓഫിസർ ഉൾപ്പെടെയുള്ളവരിൽനിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്യാമറ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക