India

മുസ്ലിങ്ങളുടെ ഇരവാദത്തെ എതിര്‍ത്ത് ഷെഹ്ല റഷീദിന്റെ പുസ്തകം; മോദിയുടെ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഒരിയ്‌ക്കലും ഇരകളല്ലെന്ന് വാദിച്ച ഷെഹ്ല

Published by

ശ്രീനഗര്‍: മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ഇരയാക്കപ്പെടുന്നു എന്ന ഇടത്-കോണ്‍ഗ്രസ് വാദത്തെ എതിര്‍ത്ത് പഴയ ജെഎന്‍യു സമരനായിക ഷെഹ്ല റഷീദ്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഇരകളാണെന്ന വാദം ശരിയല്ലെന്ന് വിജയിച്ച മുസ്ലിങ്ങളുടെ കഥ എണ്ണിയെണ്ണിപ്പറഞ്ഞ് ഷെഹ്ല റഷീദ്.

റോള്‍ മോഡല്‍സ് എന്ന തന്റെ പുതിയ പുസ്തകത്തിലൂടെയാണ് ഷെഹ് ല റഷീദ് ഇന്ത്യയിലെ മുസ്ലിങ്ങളുടെ വിജയകഥ പറയുന്നത്. മോദിയും ബിജെപിയും ഭരിയ്‌ക്കുന്ന ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഇരകളാക്കപ്പെടുന്നുവെങ്കില്‍ ഇത്രയധികം മുസ്ലിങ്ങള്‍ ഇന്ത്യയില്‍ വിജയിക്കുമോ എന്നും ഷെഹ്ല റഷീദ് ചോദിക്കുന്നു. നേട്ടങ്ങള്‍ കൊയ്ത മുസ്ലിങ്ങളുടെ കഥ പറയുക വഴി മുസ്ലിങ്ങള്‍ മോദിയുടെ ഇന്ത്യയില്‍ വെറും ഇരകളാണ് എന്ന വാദത്തിനാണ് ഷെഹ് ല റഷീദ് ശക്തമായ മറുപടി നല്‍കുന്നത്. 286 പേജുള്ള പുസ്തകത്തില്‍ മുസ്ലിങ്ങളുടെ മാനസിക കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്നും ഷെഹ് ല റഷീദ് വാദിക്കുന്നു.

രാഹുല്‍ ഗാന്ധിയും ജമ്മു കശ്മീരിലെ നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഇപ്പോഴത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള , മെഹ് ബൂബ മുഫ്തി, പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള തീവ്ര ഇസ്രാമിക സംഘടനകള്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഇരകളാക്കപ്പെടുകയാണ് എന്ന പ്രചാരണത്തിന്റെ മുഖ്യവക്താക്കള്‍. ഇവരുടെ രാഷ്‌ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവര്‍ മോദിയുടെ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഇരകളാക്കപ്പെടുന്നു എന്ന വാദം ഉയര്‍ത്തുന്നത്.

നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാനാണ് പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത്. വിജയം നേടിയ ജീവിച്ചിരിക്കുന്ന മുസ്ലിങ്ങളുടെ മാത്രമായ കഥ വേറെ ആരും എഴുതിയിട്ടില്ലെന്ന് ഷെഹ് ല റഷീദ് പറയുന്നു. ബിസിനസില്‍ വിജയിച്ച അസിംപ്രേംജി, ഇന്ത്യന്‍ രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍ കലാം, സംഗീതരംഗത്ത് വിജയിച്ച എ.ആര്‍. റഹ്മാന്‍, നടിയും മോഡലുമായി വിജയിച്ച ഹുമ ഖുറേഷി, ടെന്നീസില്‍ വിജയിച്ച സാനിയ മിര്‍സ, ക്രിക്കറ്റില്‍ വിജയിച്ച യൂസഫ് പത്താന്‍, ഐഎസ് ആര്‍ഒ ശാസ്ത്രജ്ഞയായ നിഗര്‍ ഷാസി, ഇന്ത്യന്‍ കരസേനയില്‍ നിന്നും ലഫ്. ജനറലായി വിരമിച്ച സയദ് അട ഹസ്നെയിന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ വിജയിച്ച 15 ഉന്നതരായ  മുസ്ലിം വ്യക്തിത്വങ്ങളുടെ കഥയാണ് പറയുന്നത്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് ഏത് മേഖലയിലും ഉയരുന്നതിന് തടസ്സങ്ങളില്ലെന്നാണ് ഈ പുസ്തകത്തില്‍ ഷെഹ്ല റഷീദ് വാദിക്കുന്നത്.

വാഗ്ദാനങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും പഞ്ഞമില്ലാത്ത ഇന്ത്യയില്‍ പ്രചോദനമാണ് പുതിയ തലമുറയ്‌ക്ക് വേണ്ടത്ര ഇല്ലാത്തതെന്നും അതുകൊണ്ടാണ് ഇങ്ങിനെ ഒരു പുസ്തകം എഴുതിയതെന്നും ഷെഹ്ല റഷീദ് പറയുന്നു. പെന്‍ഗ്വിന്‍ ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഈയിടെ സര്‍വ്വകലാശാല വിസിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത് ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരിയും അവരുടെ ഏറ്റവും മികച്ച കഴിവ് രാജ്യത്തിന് സംഭാവന ചെയ്യുമ്പോഴാണ് 2047ല്‍ വികസിത ഭാരതം സൃഷ്ടിക്കപ്പെടുക എന്നാണ്, പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാട് മനസ്സില്‍ വെച്ചുകൊണ്ടാണ് താന്‍ ഈ പുസ്തകം എഴുതിയതെന്ന് ഷെഹ് ല റഷീദ് പറയുന്നു.

പണ്ട് ഇടത്പക്ഷ തീപ്പൊരിയായി ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ ഉണ്ടായിരുന്ന നേതാവാണ് ഷെഹ് ല റഷീദ്. എന്നാല്‍ ഇപ്പോള്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ മോദിയ്‌ക്കും അമിത് ഷായ്‌ക്കും കൈ കൊടുക്കുന്ന നേതാവാണ് ഷെഹ് ല റഷീദ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക