തൃശൂർ: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിൽ ഹൈക്കോടതി പുറപ്പെടുവിച്ച കർശന മാർഗനിർദേശങ്ങൾ അനുസരിച്ച് തൃശൂർ പൂരം നടത്തുന്നത് പ്രായോഗികമല്ലെന്ന് തിരുവമ്പാടി ദേവസ്വം. നിലവിലെ നിര്‍ദ്ദേശപ്രകാരം മഠത്തില്‍ വരവടക്കമുള്ള ചടങ്ങുകൾ നടത്താന്‍ കഴിയില്ലെന്നും ആനകള്‍ക്ക് അടുത്തുനിന്ന് എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തുമെന്നും ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ പറഞ്ഞു.
നിയന്ത്രണങ്ങൾ പാലിച്ചാൽ തൃശൂർ പൂരം ഏതെങ്കിലും പാടത്ത് നടത്തേണ്ടി വരും. ആനകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ദ്ദേശം മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂര്‍പൂരത്തെയും തകര്‍ക്കുന്നതാണ്. ആനയില്‍ നിന്നും മുന്‍പില്‍ നിന്നാണോ പിറകില്‍ നിന്നാണോ എട്ടു മീറ്റര്‍ പാലിക്കേണ്ടത് എന്ന് ഉത്തരവില്‍ വ്യക്തതയില്ലെന്നും ഗിരീഷ് കുമാർ പറഞ്ഞു.
ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകൾ പറയുന്നതു മാത്രം കേട്ടാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ഗിരീഷ് കുമാർ ആരോപിക്കുന്നു. കേസിൽ ദേവസ്വം കക്ഷി ചേരുമെന്നും അദ്ദേഹം അറിയിച്ചു. എഴുന്നള്ളിക്കുന്ന ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ആനകളിൽനിന്ന് എട്ടു മീറ്റർ അകലെ മാത്രമേ ആളുകൾ നിർത്താവൂ എന്നുമുണ്ട്. എന്നാൽ, മഠത്തിൽവരവ് നടത്തുന്നിടത്ത് റോഡിന് ആകെ ആറ് മീറ്റർ മാത്രമാണ് വീതിയുള്ളതെന്നും ഗിരീഷ് കുമാർ പറയുന്നു.
ഒരു വര്‍ഷം ഒരു ആന 85 പൂരം വരെയാണ് ശരാശരി എടുക്കാറുള്ളത്. ബാക്കി ദിവസങ്ങള്‍ വിശ്രമം ആണെന്നിരിക്കെ 24 മണിക്കൂര്‍ വിശ്രമം വേണമെന്നത് അപ്രായോഗികമാണ്. ആനകളുടെ ചിലവുപോലും കണ്ടെത്താന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകും. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ദേവസ്വത്തിന് പറയാനുള്ളത് കോടതി കേട്ടിട്ടില്ലെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
ആന എഴുന്നള്ളിപ്പിനുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒരുമിച്ചു നിൽക്കണമെന്നും, അതിനായി ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: