കൊല്ലം: കാനനവാസനായ അയ്യപ്പന്റെ തിരുസന്നിധിയിലേക്ക് ശബരിമല നിയുക്ത മേല്‍ശാന്തി ശക്തികുളങ്ങര തോട്ടത്തില്‍ മഠം നാരായണീയത്തില്‍ എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ഇരുമുടിക്കെട്ടുമായി യാത്ര തിരിച്ചു. ഉച്ചയോടെ പമ്പയിലെത്തും. വൈകിട്ട് നാലിന് മുന്‍പ് സന്നിധാനത്തില്‍ എത്തുന്ന വിധത്തിലാണ് മലകയറുക
ഇന്ന് രാവിലെ ആറിന് ശബരിമല മുന്‍ മേല്‍ശാന്തി എന്‍. ബാലമുരളിയുടെ മുഖ്യകാര്‍മികത്വത്തില്‍ കുടുംബാംഗങ്ങളുടെയും ഭക്തരുടെയും സാന്നിധ്യത്തിലായിരുന്നു ഇരുമുടി കെട്ടുനിറയ്‌ക്കല്‍. മകന്‍ ജാതദേവന്‍ നമ്പൂതിരി, സഹായികളായ രാജഗോപാല്‍ സ്വാമി, പി. സുനില്‍ എന്നിവരും ഒപ്പമുണ്ട്.
ശരണം വിളികളോടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തോടെയാണ് ഒരു വര്‍ഷം നീളുന്ന തീര്‍ത്ഥാടനകാലത്തിന് മേല്‍ശാന്തിയാകാന്‍ അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമലയിലേക്ക് തിരിച്ചത്. ഇരുമുടിക്കെട്ട് നിറയ്‌ക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തരാണ് പുലര്‍ച്ചെ അരുണ്‍കുമാര്‍ നമ്പൂതിരിയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നത്.
ഇന്നു വൈകീട്ട് നാലുമണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. വെള്ളിയാഴ്ച പ്രത്യേക പൂജകളില്ല. ദീപാരാധനയ്‌ക്കുശേഷം പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് സോപാനത്ത് നടക്കും.
ആഴി ജ്വലിപ്പിച്ചശേഷം നിലവിലെ മേൽശാന്തി നിയുക്ത ശബരിമല മേൽശാന്തി എസ്. അരുൺ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരെ കൈപിടിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിക്കും. നാളെയാണ് മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമാകുക.
പമ്പയിൽനിന്ന് രാവിലെ 11 മണി മുതൽ ഭക്തരെ മല ചവിട്ടാൻ അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക