India

ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി

Published by

കൊൽക്കത്ത: നാഗ്‌പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം റായ്‌പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 187 യാത്രക്കാരും ആറ് ജീവനക്കാരുമായി വ്യാഴാഴ്ച രാവിലെയാണ് വിമാനം പറന്നുയര്‍ന്നത്.

ഭീഷണിയെ തുടര്‍ന്ന് രാവിലെ 9 മണിയോടെ വിമാനം ഛത്തീസ്‌ഗഢ് തലസ്ഥാനമായ റായ്‌പൂരിലെ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയതായി റായ്‌പൂർ സീനിയർ പോലീസ് സൂപ്രണ്ട് സന്തോഷ് സിങ് അറിയിച്ചു. സുരക്ഷ പരിശോധനകൾക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ടെക്‌നിക്കൽ സ്‌റ്റാഫും ബോംബ് സ്‌ക്വാഡും ചേർന്ന് വിമാനം പരിശോധിച്ച് വരികയാണ്.

സംഭവം റായ്‌പൂർ വിമാനത്താവളത്തിൽ മറ്റ് വിമാന സര്‍വീസിനെയും ബാധിച്ചു. കഴിഞ്ഞ കുറച്ചുകാലങ്ങളായി വിവിധ ഇന്ത്യൻ എയർലൈനുകള്‍ ബോംബ് ഭീഷണിയില്‍ വലയുകയാണ്. ഭീഷണികളെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by