മുസ്ലിം പ്രീണന നയത്തിന്റെ ഭാഗമായി 1954ലാണ് ജവഹര്‍ലാല്‍ നെഹ്‌റു വഖഫ് നിയമം കൊണ്ടുവന്നത്. ഈ നിയമത്തിന് നെഹ്‌റുവിനെ പ്രേരിപ്പിച്ച പ്രധാനഘടകം, വിഭജനത്തെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് പോയ മുസ്ലിങ്ങള്‍ ഉപേക്ഷിച്ച ഭൂമി സ്വരൂപിച്ച് വഖഫ് ബോര്‍ഡിനെ ഏല്പിക്കുക എന്നതായിരുന്നു. 1954 ലെ വഖഫ് നിയമപ്രകാരം ഈ ഭൂമികള്‍ നെഹ്‌റു സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിനു കീഴിലാക്കി. 1954ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭാരത ജനതയ്‌ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഈ നിയമം, വോട്ട് ബാങ്ക് ലക്ഷ്യം വച്ച് നരസിംഹ റാവു സര്‍ക്കാര്‍, വഖഫ് ബോര്‍ഡിന് വിപുലമായ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് 1995-ല്‍ ഭേദഗതി ചെയ്തു. ഒരു വസ്തു വഖഫ് ബോര്‍ഡിനു സ്വന്തമാണെന്ന് തീരുമാനിക്കുന്നതിന് പരിധിയില്ലാത്ത അധികാരങ്ങളാണ് ഈ ഭേദഗതിയിലൂടെ അവര്‍ക്ക് നല്‍കിയത്.
1995 ലെ ഭേദഗതി നിയമം സെക്ഷന്‍ 40 പ്രകാരം ഏതെങ്കിലും സ്വത്ത് വഖഫ് ബോര്‍ഡിന് സ്വന്തമാണെന്ന് തോന്നിയാല്‍ അതവര്‍ക്ക് കൈവശപ്പെടുത്താം. 1995 ലെ ആക്ട് സെക്ഷന്‍ 51 പ്രകാരം വഖഫ് ബോര്‍ഡ് ഒരു ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടാല്‍ റവന്യു വകുപ്പിന് അതനുസരിക്കാനേ നിര്‍വ്വാഹമുള്ളൂ. ഇതിനെതിരെ സ്വത്ത് ഉടമയ്‌ക്ക് വഖഫ് ട്രൈബ്യൂണലിന് പരാതി നല്‍കാം. 1995 ലെ ഭേദഗതിവരെ ഈ പരാതികളില്‍ തര്‍ക്കം കേള്‍ക്കാനുള്ള അധികാരം സിവില്‍ കോടതികള്‍ക്കായിരുന്നു; അത് എടുത്തു കളഞ്ഞു. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നു സെക്ഷന്‍ 6 ല്‍ വ്യവസ്ഥ ചെയ്തതോടെ അപ്പീല്‍ പോകാനും വകുപ്പില്ല. എന്നാല്‍, സെക്ഷന്‍ 83/7 അനുസരിച്ച് ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്യാമെന്നു മാത്രം.
വഖഫ് ബോര്‍ഡിന്റെ തീരുമാനം ട്രൈബ്യൂണല്‍ റദ്ദാക്കാറില്ല. വഖഫ് ബോര്‍ഡിലെ മതപണ്ഡിതന്‍ തന്നെയായിരിക്കും ഇതിലും അംഗം. മാത്രമല്ല, ഇതില്‍ മുസ്ലീം സമുദായക്കാര്‍ മാത്രമാണ് അംഗങ്ങള്‍. ഇങ്ങനെയാകുമ്പോള്‍ വഖഫ് ബോര്‍ഡിന്റെ തീരുമാനത്തില്‍ മാറ്റം ഉണ്ടാകില്ല. നാളിതുവരെ വഖഫ് ബോര്‍ഡിന്റെ അവകാശവാദത്തിന് എതിരായൊരു തീരുമാനം വഖഫ് ബോര്‍ഡ് ട്രൈബ്യൂണലില്‍ നിന്നും ഉണ്ടായതായി അറിവില്ല. ബോര്‍ഡിന്റെ അവകാശവാദം പുനഃപരിശോധിക്കണമെന്നോ, പിന്‍വലിക്കണമെന്നോ, പൂര്‍ണ്ണമായും ശരിയല്ലന്നോ, ഭാഗികമായെങ്കിലും തിരുത്തണമെന്നോ ട്രൈബ്യൂണല്‍ പറഞ്ഞിട്ടില്ല. മറ്റ് മതക്കാരുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങളിന്മേല്‍ അറുത്തുമുറിച്ചാണ് ട്രൈബ്യൂണല്‍ വിധി പറഞ്ഞിട്ടുള്ളത്. വഖഫ് ബോര്‍ഡ് വസ്തു ഉടമയ്‌ക്ക് നല്‍കുന്ന നോട്ടീസിലെ തീരുമാനം ട്രൈബ്യൂണല്‍ വിധിയിലൂടെ അന്തിമമാക്കിക്കൊടുത്തുക്കൊണ്ടിരിക്കുന്നു. 1995 സെക്ഷന്‍ 104, മറ്റ് എല്ലാ നിയമങ്ങളെയും മറികടക്കാന്‍ വഖഫ് ബോര്‍ഡിനും, ട്രൈബ്യൂണലിനും അവകാശം നല്‍കുന്നു.
1995 സെക്ഷന്‍ 3 (r) അനുസരിച്ച് മതപരമോ, ഭക്തിപരമോ ആയ കാര്യങ്ങള്‍ക്ക് ഒരു വസ്തുവോ കെട്ടിടമോ ഏതു കാലഘട്ടത്തിലെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വന്തമായി പ്രഖ്യാപിക്കാം. ഈ അവകാശവാദത്തിനു രേഖകളോ, പ്രമാണങ്ങളോ വസ്തു ഉടമയുടെ അനുവാദമോ ആവശ്യമില്ല. ഇത് സര്‍ക്കാര്‍ ഭൂമിയാണെങ്കില്‍ പോലും നേരത്തെ അവിടെ നിസ്‌കരിച്ചുവെന്ന കാരണത്താല്‍ വഖഫ് ഭൂമിയാക്കാം. മുന്‍പ് ഉപയോഗിച്ചിരുന്നുവെന്ന കാരണത്താല്‍ വഖഫ് ബോര്‍ഡിന് ട്രൈബ്യൂണിലിനെ സമീപിച്ച് 1995 ലെ ആക്ട് സെക്ഷന്‍ 39(3) പ്രകാരം വഖഫ് ബോര്‍ഡിന്റെ ലിസ്റ്റില്‍പ്പെടുത്താം. ഈ വകുപ്പ് പ്രകാരമാണ് സൂറത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് പിടിച്ചെടുത്തിരിക്കുന്നത്. അലഹബാദ് ഹൈക്കോടതി നിലനില്‍ക്കുന്ന സ്ഥലത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 1995 ആക്ട് സെക്ഷന്‍ 3 (ൃ) പ്രകാരം മുസ്ലിങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതോ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിന്റെയോ പേരില്‍ ഒരു ഗ്രാമത്തെ മുഴുവനായോ ഭാഗികമായോ വഖഫ് ഭൂമിയില്‍ ഉള്‍പ്പെടുത്താം. ഈ ആക്ടില്‍ ഊന്നിയാണ് തമിഴ്‌നാട്ടിലെ തിരുചെന്തുറൈ ഗ്രാമത്തിലെ 480 ഏക്കര്‍ ഭൂമിയ്‌ക്ക് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
അനിയന്ത്രിതമായ അവകാശങ്ങള്‍ 1995 ലെ ഭേദഗതിയിലൂടെ വഖഫ് ബോര്‍ഡിനു നല്‍കിയിട്ടും മതിവരാതെ 2013 ലും വഖഫ് ആക്ട് ഭേദഗതി ചെയ്തു. 2013 ഭേദഗതി 5 അ പ്രകാരം വഖഫ് ബോര്‍ഡ് അവകാശപ്പെട്ടിരിക്കുന്ന ഭൂമി വില്‍ക്കുന്ന ആള്‍ക്കും വാങ്ങുന്ന ആള്‍ക്കും രണ്ടുവര്‍ഷംവരെയാണ് തടവ് ശിക്ഷ. ട്രൈബ്യൂണിലിന്റെ വിധിപ്രകാരം വഖഫ് ഭൂമിയായി കൂട്ടിചേര്‍ത്തു കഴിഞ്ഞാല്‍ പുനഃപരിശോധനയ്‌ക്ക് ട്രൈബ്യൂണലിനു അപേക്ഷ കൊടുക്കാന്‍ അധികാരമില്ലെന്ന് 2013 ലെ ഭേദഗതി ആക്ട് സെക്ഷന്‍ 6ഇ/ശശ ല്‍ എടുത്തു പറഞ്ഞിരിക്കുന്നു. ഇത് വഖഫ് ആക്ട് 1995 സെക്ഷന്‍ 4 (6) നെ ഒന്നുകൂടി ബലപ്പെടുത്തുകയായിരുന്നു.
ഈ നിയമങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ രാജ്യത്തെ ഏതു പൗരന്റെ വസ്തുവും എപ്പോള്‍ വേണമെങ്കിലും വഖഫ് ബോര്‍ഡിന്റെ പിടിയില്‍ അമരാം. വഖഫ് ബോര്‍ഡിന്റെ വസ്തുക്കളില്‍ പകുതിയും എങ്ങനെ അവരില്‍ വന്നെത്തിയെന്നത് അജ്ഞാതമെന്നാണ് പി.ആര്‍.എസ് ലജിസ്ലേറ്റീവ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഇരുപത് ശതമാനത്തോളം ഭൂമി നിയമത്തിന്റെ ബലത്തില്‍ പിടിച്ചെടുത്തതാണ്. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ കൈവശം ഉള്ള സിംഹഭാഗം ഭൂമിയും നിയമത്തിന്റെ പരിധിയില്ലാത്ത അവകാശങ്ങളുടെ മറവില്‍ പിടിച്ചെടുത്തതാണ്. 1995 ലെ ഭേദഗതിയ്‌ക്കു ശേഷമാണ് വഖഫ് ബോര്‍ഡിനു ക്രമാതീതമായ സ്വത്തുവര്‍ധനയുണ്ടായത്.
വഖഫ് ബോര്‍ഡുകള്‍, ഭൂമികള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. മാര്‍ക്കറ്റ് വിലയെക്കാള്‍ താണവിലയ്‌ക്ക,് വാങ്ങുന്നവരുമായുള്ള പരസ്പര ധാരണയില്‍ ഭൂമി വിറ്റഴിക്കുന്നുണ്ട്. കര്‍ണാടക വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള 54000 ഏക്കര്‍ ഭൂമിയില്‍ പകുതിയും ഇങ്ങനെ ദുരുപയോഗം ചെയ്തു.
വഖഫിന്റെ മറവില്‍ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ വഖഫ് നിയമം പൊളിച്ചെഴുതാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് 2022 ഡിസംബര്‍ 8 ന് ‘ദി വഖഫ് റിപ്പീല്‍ ബില്‍’ അവതരിപ്പിച്ചത്. രാഷ്‌ട്രീയലക്ഷ്യം വച്ചുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബില്‍ ജെപിസിയുടെ പരിശോധനയ്‌ക്ക് വിട്ടു.
നീതിപൂര്‍വ്വവും വസ്തുനിഷ്ഠവുമായ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് കാലാനുസൃതമായ ഭേദഗതി അനിവാര്യമാണ്. അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട് കിടപ്പാടം പോലും നഷ്ടപ്പെടുമെന്ന് ഭയാശങ്കകളില്‍ കഴിയുന്ന മുനമ്പത്തെയും തിരുച്ചെന്തുറൈയിലേയും പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ നിലവിലെ വഖഫ് നിയമത്തില്‍ ഭേദഗതിയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. തങ്ങളുടെ വസ്തുക്കള്‍ വഖഫ് ബോര്‍ഡ് പിടിച്ചെടുക്കുമെന്ന ഭയമില്ലാതെ, പൗരന്മാര്‍ക്ക് ജീവിക്കണമെങ്കില്‍ വഖഫ് നിയമം ഭേദഗതി ചെയ്യണം. മുനമ്പത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പിറന്നനാട്ടില്‍ അന്തസ്സോടെ ജീവിക്കാന്‍ വഖഫ് നിയമത്തില്‍ ഭേദഗതി അനിവാര്യമാണ്.
വഖഫ് ബോര്‍ഡ് കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതാണ്. സര്‍ക്കാരിനു കീഴിലുള്ള ഔദ്യോഗിക സമതിയായതിനാല്‍ സര്‍ക്കാരിന് ഈ പ്രശ്‌നത്തില്‍ ശക്തമായി ഇടപെടാം. എന്നാല്‍, അവര്‍ അതിന് മുതിരുന്നില്ല. യുക്തമായ നിലപാടുകളോ നിര്‍ദേശങ്ങളോ സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നില്ല. മുനമ്പത്തെ ഭൂമിയിന്മേല്‍ നയരൂപീകരണത്തിന് നിയമസഭയ്‌ക്ക് അധികാരമുണ്ട്. കുറഞ്ഞപക്ഷം വഖഫ് നിയമഭേദഗതിയ്‌ക്ക് എതിരെ പ്രമേയം പാസാക്കിയവര്‍, മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്ന വസ്തു ഉടമകളുടെതാണെന്ന് സംയുക്തമായൊരു പ്രമേയമെങ്കിലും പാസാക്കണം. വോട്ടുബാങ്കിനപ്പുറം ഭരണഘടനാനുസൃതവും നീതിയുക്തവുമായ പ്രശ്‌നമായി മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കാണണം.
വഖഫ് ബോര്‍ഡ് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയില്‍ കഴിയുന്ന മുനമ്പത്തുകാരുടെ മുന്നില്‍ എല്ലാ വാതിലുകളും അടയ്‌ക്കപ്പെട്ടുവെന്ന് മനസിലാക്കിയ ശേഷമാണ് അവിടുത്തെ ജനങ്ങള്‍ സമരമുഖത്തേക്ക് ഇറങ്ങിയത്. മുനമ്പത്തെ ജനങ്ങളെ രക്ഷിക്കാന്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ച് മുനമ്പം നിവാസികള്‍ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിക്ക് 2024 സെപ്തംബര്‍ 10 ന് അപേക്ഷ സമര്‍പ്പിച്ചു. ഇവരുടെ അപേക്ഷയുടെ ചില ഭാഗങ്ങള്‍ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജു സമൂഹ മാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചതിനു ശേഷമാണ് മുനമ്പത്തുകാരുടെ വേദന രാജ്യം അറിയുന്നത്.
മുനമ്പം പ്രശ്‌നത്തിലെ അടിവേരു കിടക്കുന്നത് വഖഫ് നിയമത്തിലെ 1995 ലെ ഭേദഗതിയുടെ സെക്ഷന്‍ 40 ലാണ്. 1995 -ലെ മനുഷ്യവിരുദ്ധമായ ഭേദഗതി സെക്ഷന്‍ 40 റദ്ദാക്കാതെ മുനമ്പത്തുകാര്‍ക്ക് അവരുടെ ഭൂമി സ്വന്തമാക്കാന്‍ കഴിയില്ല. സെക്ഷന്‍ 40 ന്റെ ബലത്തിലാണ് ഏകപക്ഷീയമായി വഖഫ് ബോര്‍ഡ് മുനമ്പത്തെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഈ സെക്ഷന്‍ ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ വഖഫ് ബോര്‍ഡുകള്‍ വന്‍തോതിലുള്ള കൈയ്യേറ്റവും ചൂഷണവും നടത്തുന്നത് പ്രസ്തുത സെക്ഷന്റെ പിന്‍ബലത്തിലാണ്. വഖഫ് നിയമത്തിലെ മനുഷ്യവിരുദ്ധനിയമങ്ങള്‍ പൊളിച്ചെഴുതാനായി നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ബില്ല് നിയമമാക്കാതെ, വഖഫ് ബോര്‍ഡിനു നല്‍കിയിരിക്കുന്ന അനിയന്ത്രിത നിയമത്തിന്റെ ബലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂമി പിടിച്ചെടുക്കല്‍ തടയാനാവില്ല.
പ്രധാന ഭേദഗതികള്‍
വഖഫ് നിയമത്തിന്റെ പേര് ‘ഏകീകൃത വഖഫ് മാനേജ്‌മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ഡവലപ്പ്‌മെന്റ് ആക്ട്’ എന്നാക്കി മാറ്റുന്നു. വഖഫ് ബോര്‍ഡുകളുടെ കൈവശമുള്ള സര്‍ക്കാര്‍ഭൂമികള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കണം. ഈ വസ്തുക്കള്‍ കണ്ടെത്തി സര്‍വ്വേ നടത്തി കളക്ടര്‍ റവന്യൂ രേഖകളില്‍പ്പെടുത്തണം.
ഒരു വസ്തു വഖഫാണോ എന്നു തീരുമാനിക്കാനുള്ള വഖഫ് നിയമത്തിലെ നിലവിലെ അധികാരം പുതിയ ഭേദഗതിയോടെ അവസാനിക്കും. വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമാണെന്ന നിലവിലെ വ്യവസ്ഥ റദ്ദാക്കും. ട്രൈബ്യൂണലിന്റെ തീര്‍പ്പിനെതിരെ 90 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഉടമസ്ഥതയില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് നിര്‍ണയിച്ച് സര്‍ക്കാരിന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. അതനുസരിച്ച് സര്‍വ്വേ നടത്തേണ്ട ഉത്തരവാദിത്തം കളക്ടര്‍ക്കാണ്. വഖഫ് വസ്തുക്കളുടെ സര്‍വ്വേ അധികാരം കളക്ടറില്‍ നിക്ഷിപ്തമാകും.
വഖഫ് ബോര്‍ഡിന്റെ ഘടനയിലും, കേന്ദ്ര വഖഫ് കൗണ്‍സിലിന്റെ ഘടനയിലും പുതിയ ഭേദഗതി മാറ്റം കൊണ്ടുവരും. രണ്ടു അമുസ്ലീങ്ങളെക്കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ബോര്‍ഡിലും കൗണ്‍സിലിലും രണ്ടുപേര്‍ മുസ്ലിം സ്ത്രീകളായിരിക്കും. വഖഫ് ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്ന കേസുകളില്‍ അധികവും മറ്റ് മതസ്ഥരുടെ ഭൂമിയുമായി ബന്ധപ്പെട്ടതിനാലാണ് ട്രൈബ്യൂണലില്‍ മറ്റ് രണ്ടു മതസ്ഥരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ഭേദഗതി നിര്‍ദ്ദേശിക്കുന്നത്. ട്രൈബ്യൂണലില്‍ നിന്നും മുസ്ലീം നിയമവിദഗ്ധനെ ഒഴിവാക്കും. കാരണം, ഈ പ്രശ്‌നം മതപരമല്ല, ഭൂമിയെ സംബന്ധിക്കുന്നതാണ്.
വഖഫ് പ്രഖ്യാപിക്കുന്ന വ്യക്തി അഞ്ചുവര്‍ഷമായി ഇസ്ലാം മതവിശ്വാസി ആയിരിക്കണം. തര്‍ക്കഭൂമികള്‍ വഖഫ് ചെയ്യാന്‍ പാടില്ല. വഖഫ് പ്രഖ്യാപിക്കുന്ന വ്യക്തിക്ക് ആ വസ്തുവില്‍ ഉടമാവകാശം ഉണ്ടായിരിക്കണം. മക്കള്‍ക്കും അവരുടെ കാലശേഷം ജീവകാരുണ്യത്തിനുമായി നീക്കിവയ്‌ക്കുന്ന വഖഫ് അല്‍-അലാല്‍-ഔലാദിന്റെ ദാതാവിന്റെ പിന്തുടര്‍ച്ചക്കാരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുടര്‍ച്ചാവകാശം ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല. നിലവിലെ വഖഫ് നിയമത്തില്‍ സാധാരണ മുസ്ലിംങ്ങള്‍ക്ക് യാതൊരു അവകാശമോ അധികാരമോ ഇല്ലായിരുന്നു. അവര്‍ക്ക് കൂടി പ്രാധാന്യവും, പ്രാതിനിധ്യവും ഉറപ്പാക്കുന്നതാണ് ഭേദഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക