ന്യൂദല്‍ഹി: ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യാത്ര തിരിക്കും. 18,19 തീയതികളില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയാണ് പ്രധാന പരിപാടി. നയാഗ്ര, ഗയാന എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
പ്രസിഡന്റ് ബൊല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം ശനിയാഴ്ച നൈജീരിയയില്‍ എത്തുന്ന പ്രധാനമന്ത്രി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന ചര്‍ച്ചകളുടെ ഭാഗമാകും. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഭാരത പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നത്. ഊര്‍ജം, പ്രതിരോധ സഹകരണം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരത കമ്പനികള്‍ 27 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നൈജീരിയയില്‍ നടത്തുന്നത്. തുടര്‍ന്ന് ജി 20 ഉച്ചകോടിക്കായി ബ്രസീലിലെത്തുന്ന മോദി വിവിധ ലോകരാഷ്‌ട്രത്തലവന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്തും.
19ന് ഗയാനയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലിയുമായി കൂടിക്കാഴ്ച നടത്തും. 1968ന് ശേഷം ഇതാദ്യമായാണ് ഭാരത പ്രധാനമന്ത്രി ഗയാന സന്ദര്‍ശിക്കുന്നത്. ഗയാനയിലെ ജോര്‍ജ് ടൗണില്‍ നടക്കുന്ന രണ്ടാമത് ഭാരത- കരീബിയന്‍ ഉച്ചകോടിയില്‍ മുഖ്യാതിഥിയായെത്തുന്ന പ്രധാനമന്ത്രി മോദി കരീബിയന്‍ ദ്വീപ് രാഷ്‌ട്രങ്ങളുടെ ഭരണത്തലവന്മാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ഗയാന പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക