മുദ്ര ധാരണം
ശബരിമല തീര്‍ത്ഥാടകര്‍ വ്രതം തുടങ്ങുന്നതിനു മുമ്പ് അയ്യപ്പന്റെ മുദ്രയായ മാല ധരിക്കണം. ഗുരുസ്വാമിയില്‍ നിന്നോ ക്ഷേത്രത്തില്‍ നിന്നോ മാല ധരിക്കാം. രുദ്രാക്ഷമാലയോ തുളസിമാലയോ ആണ് സാധാരണ അണിയുക. പവിഴം, സഫടികം തുടങ്ങിയ മുത്തുമാലയും ഇടാറുണ്ട.് മാല ധരിക്കുമ്പോള്‍ ഗുരു സ്വാമിമാര്‍ അയ്യപ്പ മന്ത്രം ചൊല്ലി കൊടുക്കും.
ഇരുമുടി
മറ്റ് ക്ഷേത്ര സന്നിധികളിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ നിന്നും ശബരിമല യാത്രയെ വേറിട്ടതാക്കുന്നത് ഭക്തര്‍ തലയിലേറ്റുന്ന ഇരുമുടികെട്ടാണ്. ചുവപ്പ്, വെള്ള, കറുപ്പ് , നീല, നിറങ്ങളിലാണ് സാധാരണ ഇരുമുടി തയ്യാറാക്കുന്നത്
കന്നി അയ്യപ്പന്മാര്‍ ചുവന്ന ഇരുമുടിയില്‍ കെട്ട് നിറയ്‌ക്കണമെന്നതാണ് ആചാരം. ഇരുമുടിക്ക് മുന്‍മുടിയും, പിന്‍മുടിയും ഉണ്ട്. മുന്‍മുടിയില്‍ പൂജാദ്രവ്യങ്ങളും പിന്‍ മുടിയില്‍ തീര്‍ത്ഥാടകന് വച്ചുണ്ണാനുള്ള അരിയും മറ്റുമാണ് മുന്‍കാലങ്ങളില്‍ നിറച്ചിരുന്നത്. മുന്‍ മുടിയില്‍ നെയ്‌ത്തേങ്ങ, വെറ്റില , പാക്ക്, വെള്ളിരൂപ, ശര്‍ക്കര, ,മഞ്ഞള്‍, കദളിപ്പഴം എന്നിവയും പിന്മുടിയില്‍ അരി, പമ്പയിലും സന്നിധാനത്തും അടിക്കാനുള്ള തേങ്ങ, വറപൊടി, നാരങ്ങ എന്നിവയും കരുതുന്നു.
പമ്പാ സരസ്തടം ലോകമനോഹരം എന്ന് എഴുത്തച്ഛന്‍ എഴുതിയ ആ പമ്പയുടെ തീരത്തു നിന്നാണ് പന്തളം രാജാവിന് മണികണ്ഠനെ ലഭിക്കുന്നത്. പമ്പയില്‍ കുളിച്ചുതോര്‍ത്തി ശുദ്ധരായാണ് ഭക്തര്‍ മല കയറുന്നത്. പമ്പയിലെ കുളി കഴിഞ്ഞാല്‍ ഭക്തര്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണം നടത്തും. മണ്‍മറഞ്ഞ പിതാമഹന്മാര്‍ക്ക് പമ്പയില്‍ ബലിയിട്ടാല്‍ പിതൃക്കള്‍ക്കു മോക്ഷവും ശാന്തിയും ലഭിക്കുമെന്നും ബലിയിടുന്നവരില്‍ നിന്നു പിതൃശാപാദി ദോഷങ്ങള്‍ ഒഴിഞ്ഞുപോകുമെന്നും ഭക്തര്‍ കരുതുന്നു.
ഗണപതി കോവില്‍
മല കയറ്റത്തിന് മുമ്പ് വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ ഗണപതിയോട് പ്രാര്‍ത്ഥിച്ച് നാളികേരം മുടച്ച് ഭഗവാനെ പ്രീതിപ്പെടുത്തുന്നു. പമ്പാ ഗണപതിക്ക് മോദകമാണ് ഇഷ്ടവഴിപാട്
പന്തള രാജമണ്ഡപം
ഗണപതി കോവിലിന് തൊട്ടടുത്താണ് പന്തളം രാജാവിന്റെ സാന്നിധ്യ സങ്കല്പമുള്ള രാജമണ്ഡപം. ഇവിടെ തൊഴുത് ഭസ്മവും വാങ്ങി കാണിയ്‌ക്ക അര്‍പ്പിച്ച് അനുഗ്രഹാശിസ്സോടെയാണ് നീലിമലയുടെ ചുവട്ടിലേക്കു നീങ്ങുന്നത്.
നീലിമല
തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും കഠിനമേറിയ മലകളില്‍ ഒന്നാണ് നീലിമല. അഴുത യും കരിമലയും കടന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമാണ് ഇത്. പൂങ്കാവനത്തില്‍ ഏറ്റവും അധികം വന്യമൃഗങ്ങള്‍ വിഹരിക്കുന്നതും ഇവിടെയാണ്.
അപ്പാച്ചിമേട്
നീലിമല കയറ്റത്തിലെ കുത്തനെയുള്ള ഇടമാണ് അപ്പാച്ചിമേട്. ഇവിടെയാണ് ദേവപ്രീതിക്കായി അരി ഉണ്ട എറിയുന്നത.് ഭഗവാന്റെ ഭൂതഗണങ്ങള്‍ ദുര്‍ ദേവതകളെ അടക്കിവെച്ചിരിക്കുന്നത് ഇവിടെയാണെന്നാണ് സങ്കല്‍പം.
ശബരി പീഠം
പേര് സൂചിപ്പിക്കുന്നത് പോലെ താപസിയായ ശബരിയുടെ മലയാണ് ശബരിമല എന്നൊരു സങ്കല്‍പ്പമുണ്ട്. ശബരിപീഠത്തില്‍ തപസ് ചെയ്തിരുന്ന ശബരിക്ക് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇവിടെ ദര്‍ശനം നല്‍കി എന്നും പിന്നീട് അയ്യപ്പന്‍ അനുഗ്രഹിച്ചെന്നും ഒക്കെ വിശ്വാസമുണ്ട്.
മരക്കൂട്ടം
ശബരി പീഠം കഴിഞ്ഞാലുള്ള നീലിമലയുടെ സമതലമാണ് മരക്കൂട്ടം. ഇവിടെ പേര് പോലെ തന്നെ നിരവധി മരങ്ങള്‍ ഭക്തര്‍ക്ക് തണലേകി നില്‍ക്കുന്നു. നീലിമല പാതയും സ്വാമി അയ്യപ്പന്‍ റോഡും സംഗമിക്കുന്നത് മരക്കൂട്ടത്താണ്.
ശരം കുത്തി
കന്നി അയ്യപ്പന്മാര്‍ കൊണ്ടുവരുന്ന ശരം കുത്തുന്ന സ്ഥലമാണ് ഇത്. ഇവിടുത്തെ വലിയ ആല്‍മരത്തിലാണ് ശരം കുത്തുന്നത്. മറവപ്പടയെ തകര്‍ത്ത അയ്യപ്പനും പടയാളികളും തങ്ങളുടെ ആയുധങ്ങള്‍ ഇവിടെ ഉപേക്ഷിച്ചു എന്നാണ് ഐതിഹ്യം. ഇവിടെയാണ് ഭഗവാന്റെ ഉത്സവത്തിനു പള്ളിവേട്ട നടക്കുന്നത്.
വലിയ കടുത്ത, കൊച്ചു കടുത്ത, കറുപ്പ് സ്വാമി, കറുപ്പമ്മ
ഭഗവാന്റെ പരിവാര മൂര്‍ത്തികളാണ് വലിയ കടുത്തയും കൊച്ചു കടുത്തയും കറുപ്പ് സ്വാമിയും കറുപ്പമ്മയും. ഇതില്‍ വലിയ കടുത്തക്ക് പതിനെട്ടാം പടിയുടെ ഇടതു ഭാഗത്തും കറുപ്പ് സ്വാമിക്കും കറുപ്പമ്മയ്‌ക്കും വലതുവശത്തും നടകളുണ്ട്. കൊച്ചു കടുത്തക്ക് മാളികപ്പുറത്താണ് സ്ഥാനം. ഉദയനുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ അയ്യപ്പനെ സഹായിച്ചവരില്‍ പ്രധാനികളാണ് ഇവര്‍.
പതിനെട്ടാം പടി
പുണ്യ ദര്‍ശനത്തിന്റെ അവസാന ചടങ്ങാണ് പതിനെട്ടാംപടി കയറ്റം. പടി കയറിച്ചെല്ലുമ്പോള്‍ തത്ത്വമസി (അത് നീ തന്നെ എന്ന സങ്കല്‍പ്പത്തിലേക്ക്, ഭക്തനും ഭഗവാനും ഒന്നെന്ന അദൈ്വതസത്യത്തിലേക്ക്) നമ്മള്‍ എത്തിച്ചേരുന്നു. പഞ്ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യ എന്നിവയെ ആണ് 18 പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നാണ് സങ്കല്പം. പുണ്യപൂങ്കാവനത്തിലെ 18 മലകളുടെ പ്രതീകമെന്നും വ്യാഖ്യാനമുണ്ട്. ആറു ശാസ്ത്രം നാലു വേദം, ചതുര്‍ജാതി, ചതുരൂപായങ്ങള്‍ എന്നിവയുടെ പ്രതീകമാണ് 18 പടികള്‍ എന്നും 18 പുരാണങ്ങളുടെ പ്രതീകമാണെന്നും പതിനെട്ടാം പടിയെന്നുമൊക്കെ വ്യത്യസ്ത കാഴ്‌ച്ചപ്പാടുകള്‍ ഭക്തര്‍ക്കിടയില്‍ ഉണ്ട്. സ്വാമി ദര്‍ശനത്തോളം പ്രാധാന്യമാണ് ഭക്തര്‍ പതിനെട്ടാംപടിക്കും നല്‍കുന്നത്. പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധീകരിച്ചാണ് പടിപൂജ. തന്ത്രിയും പന്തളം രാജപ്രധിനിധിയും ഒഴികെ ആരും ഇരുമുടി ഇല്ലാതെ പടി ചവിട്ടാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക