കോട്ടയം: അടിയന്തരാവസ്ഥയ്‌ക്കെതിരെ ഭാരതത്തിലെമ്പാടും നടന്ന ജനകീയ പ്രക്ഷോഭം കേന്ദ്രം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും സമര സേനാനികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കണമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ലോക സംഘര്‍ഷസമിതി അധ്യക്ഷനുമായ കെ. രാമന്‍പിള്ള. സമരം ചെയ്ത് ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയരായവരും കുടുംബാംഗങ്ങളും അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കേരളയുടെ നേതൃത്വത്തില്‍ തിരുനക്കരയില്‍ നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത ചരിത്രത്തില്‍ സമാന സമരം മുന്‍പ് നടന്നിട്ടില്ല. കൊടിയ പീഡനങ്ങള്‍ സ്വയം ഏറ്റുവാങ്ങിയവരാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തവരും രക്തസാക്ഷികളും. 1921 ലെ മാപ്പിള ലഹളയില്‍ പങ്കെടുത്തവര്‍ക്കും പുന്നപ്ര വയലാര്‍ സമരത്തില്‍ പോലീസുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടവര്‍ക്കും വരെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കൊടുത്തു. എന്നാല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടം നടത്തിയവരെ പരിഗണിച്ചില്ല. 1976 നവംബര്‍ 14ന് ഭാരതമെമ്പാടും നടന്ന പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനിന്നവരാണ് സിപിഎം സമരത്തിനില്ലെന്ന് ഇഎംഎസ് പ്രഖ്യാപിച്ചിരുന്നു.
പൗരാവകാശങ്ങള്‍ കുഴിച്ചുമൂടിയ കാലത്ത് അനവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ക്ക് തൊഴിലും ജീവിത സൗകര്യങ്ങളും ഇല്ലാതായി. ആര്‍എസ്എസ് ഉള്‍പ്പെടെ 26 സംഘടനകളെ കാരണം പോലും പറയാതെ നിരോധിച്ചു. കൊടിയ പീഡനത്തിനിരയായവര്‍ ഇന്നും ജീവച്ഛവങ്ങളായി കഴിയുന്നു. ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിനുള്ള കര്‍മപദ്ധതികള്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കണം. അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥ സമരസേനാനി സംഘടന ജില്ലാ പ്രസിഡന്റ് പി. പി. ശശിധരന്‍ അധ്യക്ഷനായി. വി. ആര്‍. രാജശേഖരന്‍, സ്വാമി അയ്യപ്പദാസ്, പി. എം. വേലായുധന്‍, കെ. ശിവദാസ്, അഡ്വ. എം. എസ്. കരുണാകരന്‍, പി. സുന്ദരം, പി. ആര്‍. രാജേന്ദ്രന്‍, എ. കമലാസനന്‍, വിജയന്‍ കൊളത്തേരി, പി. ജി. ഗോപാലകൃഷ്ണന്‍, കനകരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക